കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയിൽ. പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെയാണ് കർണാടകയിൽ നിന്നും കണ്ടെത്തിയത്. ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ച ഇയാളെ നാട്ടുകാരാണ് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.
കർണാടകത്തിലെ ധർമസ്ഥലയിൽ നിന്നാണ് വിനീഷ് പിടിയിലായത്. വൈകീട്ടോടെയായിരുന്നു ഇയാളെ പിടികൂടിയത്. വിനീഷിനെ ഉടൻ കേരളത്തിൽ എത്തിക്കും. രക്ഷപ്പെട്ടതിന് പിന്നാലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വിനീഷ് മംഗലാപുരത്തേക്ക് കടന്നായി കണ്ടെത്തിയിരുന്നു. ഇതോടെ കർണാടക പോലീസിന് വിവരം നൽകി.
മംഗലാപുരത്ത് എത്തിയ വിനീഷ് അവിടെ നിന്നാണ് ബൈക്ക് മോഷ്ടിച്ചത്. തുടർന്ന് സഞ്ചരിക്കുന്നതിനിടെ ഇന്ധനം തീർന്നു. ഇതേ തുടർന്ന് മറ്റൊരു വാഹനം മോഷ്ടിക്കാൻ ശ്രമിക്കവേയാണ് വിനീഷ് നാട്ടുകാരുടെ പിടിയിലായത്. കണ്ണൂർ സെൻട്രൽ ജയിലിലായിരുന്ന വിനീഷ് മാനസികാസ്വാഥ്യം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് കുതിരവട്ടത്തേക്ക് മാറ്റിയത്.
വിവാഹ അഭ്യർത്ഥന നിരസിച്ചതിനെ തുടർന്നായിരുന്നു വിനീഷ് ദൃശ്യയെ കൊലപ്പെടുത്തിയത്. രാവിലെ ഉറങ്ങുകയായിരുന്ന ദൃശ്യയെ കിടപ്പു മുറിയിലേക്ക് അതിക്രമിച്ച് കയറി വിനീഷ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ജയിലിൽവെച്ച് ഇയാൾ ആത്മഹത്യശ്രമവും നടത്തിയിട്ടുണ്ട്.
Comments