കോഴിക്കോട്: കണ്ണൂർ സർവ്വകലാശാല അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വീണ്ടും മലക്കം മറിഞ്ഞ് കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസ്. തന്റെയുൾപ്പെടെയുള്ള അപേക്ഷകരുടെ റിസർച്ച് സ്‌കോർ സർവ്വകലാശാല പരിശോധിച്ചിരുന്നില്ലെന്ന് പ്രിയ വർഗ്ഗീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് തിരുത്തിയാണ് പ്രിയ ഇപ്പോൾ രംഗത്തുവന്നിരിക്കുന്നത്. 75നു മുകളിലുള്ള സ്‌കോറുകൾ സർവ്വകലാശാല പരിശോധിച്ചിട്ടില്ലെന്നാണ് പറഞ്ഞതെന്നാണ് പ്രിയ വർഗ്ഗീസിന്റെ പുതിയ വാദം.
651എന്നൊക്കെയുള്ള ഭയപ്പെടുത്തുന്ന അക്കങ്ങളിൽ ഇറക്കുമതി ചെയ്ത റിസർച്ച് സ്‌കോർ അവകാശവാദങ്ങൾ സർവ്വകലാശാല ഫിസിക്കൽ വെരിഫിക്കേഷൻ നടത്തി അംഗീകരിച്ചു തന്നതല്ലെന്നാണ് താൻ എഴുതിയത്. 2018 യു. ജി. സി റെഗുലേഷൻ പ്രകാരം സർവ്വകലാശാല ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച ആറു പേരുടെയും 75പോയിന്റ് വരെയുള്ള അവകാശവാദങ്ങൾ സർവ്വകലാശാല പരിശോധിച്ചിട്ടുണ്ട്. പരിശോധിച്ച പ്രബന്ധങ്ങൾ ഇന്റർവ്യൂ ബോർഡ് അംഗങ്ങൾക്ക് അയച്ചു കൊടുത്തിട്ടും ഉണ്ട്. എന്നാൽ 75നു മുകളിൽ അവകാശപ്പെട്ട സ്‌കോർന്റെ കാര്യത്തിൽ അത് ഉണ്ടായിട്ടില്ല എന്നാണ് ഞാൻ ഇന്നലത്തെ പോസ്റ്റിൽ പറഞ്ഞതെന്നും പ്രിയ വർഗ്ഗീസിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
2016 റെഗുലേഷൻ മുതൽക്കാണ് പി. എച്ച് ഡി പ്രബന്ധം സമർപ്പിക്കുന്നതിന് മുൻപ് ഒരു പ്രസിദ്ധീകരണമെങ്കിലും വേണം തുടർന്ന്, അസി. പ്രൊഫസർ, അസോ. പ്രൊഫസർ, പ്രൊഫസർ തസ്തികളിലേക്കുള്ള എല്ലാ പ്രൊമോഷനുകൾക്കും /നിയമനങ്ങൾക്കും നിശ്ചിത എണ്ണം പ്രബന്ധങ്ങൾ വേണമെന്നും ഉള്ള നിഷ്‌കർഷ വരുന്നത്.യു. ജി. സി ചില നല്ല ഉദ്ദേശങ്ങളോടെ കൊണ്ടുവന്ന ഈ റെഗുലേഷൻ ‘പ്രിഡേറ്ററി ജേർണലുകളുടെ കൊള്ളക്കും കാപട്യത്തിനും കൂടി കളമൊരുക്കി.
വിദ്യാർത്ഥികളുടെ അധ്വാനത്തിന്റെ പങ്ക് ഉളുപ്പില്ലാതെ ചൂഷണം ചെയ്യുന്ന ഗൈഡുമാരും ലേഖന സമാഹരണം എന്ന പേരിൽ സ്‌കോർ കൂട്ടുന്ന പരസ്പര സഹായ സഹകരണ സംഘങ്ങളും ഒക്കെയായി വ്യാജന്മാരുടെ പെരുപ്പം വല്ലാതെ കൂടിയപ്പോഴാണ് 2018 റെഗുലേഷനിൽ യു. ജി. സി റിസർച്ച് സ്‌കോർ ചുരുക്കപ്പട്ടിക തയ്യാർ ചെയ്യാൻ മാത്രം പരിഗണിച്ചാൽ മതിയെന്നും, റാങ്ക് പട്ടിക അഭിമുഖ പരീക്ഷയുടെ അടിസ്ഥാനത്തിൽ മാത്രം മതിയെന്നും വ്യക്തമാക്കിയതെന്നും ഫേസ്ബുക്കിൽ വിശദമാക്കുന്നുണ്ട്.
പ്രവേശന നടപടികളും, അഭിമുഖവും ഓൺലൈൻ ആയതിനാൽ റിസർച്ച് സ്‌കോർ സർവ്വകലാശാല നേരിട്ട് പരിശോധിച്ചിരുന്നില്ലെന്നായിരുന്നു പ്രിയ കഴിഞ്ഞ ദിവസം പങ്കുവെച്ച ന്യായീകരണ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നത്. എന്നാൽ സ്‌കോർ പരിശോധിച്ച ശേഷമാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത് എന്ന് വ്യക്തമാക്കി സർവ്വകലാശാല സെലക്ഷൻ കമ്മിറ്റി അംഗം ലിസി മാത്യു വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് വാദത്തിൽ തിരുത്തലുമായി പ്രിയ രംഗത്ത എത്തിയത്.
Comments