കേരളത്തിലെ റോഡുകളിൽ ഉണ്ടാകുന്ന അപകടങ്ങൾ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. റോഡിലെ കുഴികളിൽ വീണും റോഡിന് സമീപത്തെ മരങ്ങൾ കടപുഴകി വീണും അപകടങ്ങൾ നടക്കുന്നുണ്ട്. ഇത്തരം അപകടങ്ങളിൽ നിന്നും ആളുകൾ തലനാരിഴയ്‌ക്ക് രക്ഷപ്പെടുന്ന വീഡിയോകളും പ്രചരിക്കുന്നുണ്ട്. ഇതിനിടെ സംവിധായകൻ ജൂഡ് ആന്റണി പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.
വൈക്കത്ത് പോകുന്ന വഴിയിൽ വെച്ച് കണ്ട ദൃശ്യമാണ് സംവിധായകൻ പങ്കുവെച്ചത്. എപ്പോൾ വേണമെങ്കിലും വീഴാവുന്ന രീതിയിൽ ആടി നിൽക്കുന്ന തെങ്ങാണിത്. ഇക്കാര്യം വീട്ടിൽ ചെന്ന് പറയാൻ നോക്കിയപ്പോൾ അവിടെ ആരുമുണ്ടായില്ല എന്നും അതിനാൽ അയൽ വീട്ടിലും സമീപത്തെ കടയിലും കാര്യം പറഞ്ഞിട്ടുണ്ടെന്നും ജൂഡ് പറഞ്ഞു. സമീപ വാസികൾ ആരേലും ഇതൊന്ന് ഫോളോ അപ് ചെയ്യണമെന്ന് അപേക്ഷിക്കുന്നുവെന്നും സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചു.
പോസ്റ്റ് പ്രചരിച്ചതോടെ സംവിധായകന്റെ സാമൂഹിക ബോധത്തെ പ്രകീർത്തിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. അതോടൊപ്പം ട്രോളുകളും ഏറെയാണ്. ചേട്ടൻ ഇതുവരെ തെങ്ങ് കണ്ടിട്ടില്ലേ എന്നുളള ചോദ്യങ്ങളാണ് ഉയരുന്നത്. വലിയ തെങ്ങുകൾ ആടുമെന്നും എന്നാൽ അത്രപെട്ടെന്നൊന്നും വീഴില്ല എന്നുമാണ് പ്രതികരണം. തെങ്ങ് ചതിക്കില്ല എന്ന കമന്റുകളും വരുന്നുണ്ട്.
















Comments