മുബൈ: ഒരു മണിക്കൂറിനിടെ മൂന്ന് തവണ ഭൂചലനം സംഭവിച്ചതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. നാസിക് ഒബ്സർവേറ്ററിയിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ദിൻഡോരി താലൂക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാസിക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. സംഭവത്തിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
തുടർച്ചയായി ഭൂചലനം രേഖപ്പെടുത്തിയ സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് ഭരണകൂടം നിർദേശം നൽകി. ചൊവ്വാഴ്ച രാത്രി 08.58, 09.34, 09.42 എന്നീ സമയങ്ങളിലാണ് മൂന്ന് നേരിയ ഭൂചലനങ്ങൾ അനുഭവപ്പെട്ടത്. യഥാക്രമം 3.4, 2.1, 1.9 തീവ്രതകളിലുള്ള ഭൂചലനമായിരുന്നു.
ദിൻഡോരി ഗ്രാമത്തിലും പരിസര ഗ്രാമങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതോടെയാണ് ഗ്രാമവാസികൾ പരിഭ്രാന്തരായത്. അതേസമയം നേരിയ ഭൂചലനമായതിനാൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ദിൻഡോരി, മദ്കിജാംബ്, ഹത്നോർ, നീൽവാണ്ടി, ജംബുത്കെ, ഉമ്രാലെ, തലേഗാവ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ജംബുത്കെ ഗ്രാമത്തിൽ ഭൂചലനത്തിന്റെ പ്രകമ്പനം വളരെയധികം അനുഭവപ്പെട്ടുവെന്ന് പ്രാദേശിക നേതാക്കൾ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
Comments