ന്യൂഡൽഹി: രാഷ്‌ട്രീയ പ്രക്രിയകളിൽ സജീവ പങ്കാളിത്തം ഉണ്ടാവണമെന്ന് യുവാക്കളോട് ആഹ്വാനം ചെയ്ത് ലോക്‌സഭ സ്പീക്കർ ഓം ബിർല. യുവജനങ്ങൾക്ക് സമൂഹത്തിൽ മാറ്റം കൊണ്ടു വരാൻ കഴിയും. ഏതൊരു രാജ്യത്തിന്റെയും സമ്പത്ത് രാജ്യത്തെ യുവാക്കളാണ്. ഊർജ്ജസ്വലരും മാറ്റത്തിനായി ചിന്തിക്കുന്നവരുമാണ് അവർ. യുവാക്കളുടെ ഉത്തരവാദിത്വം വോട്ട് ചെയ്യുന്നതിൽ അവസാനിക്കുന്നതല്ല. സഭയുടെ നടപടികളിലും പ്രവർത്തനങ്ങളിലും ശ്രദ്ധ പുലർത്തണം. പ്രവർത്തനങ്ങൾ വിലയിരുത്താൻ ജനങ്ങൾക്ക് പൂർണ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.കേവലം വോട്ട് ചെയ്ത് അവസാനിപ്പിക്കാനുള്ളതല്ല രാഷ്‌ട്രീയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജസ്ഥാൻ സെൻട്രൽ യൂണിവേഴ്‌സിറ്റിയുടെ ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്യവേയാണ് ലോക്‌സഭ സ്പീക്കർ ഇക്കാര്യം വ്യക്തമാക്കിയത്. ബുദ്ധി വികാസത്തിലും സ്വഭാവ രൂപീകരണത്തിലും വിദ്യാഭ്യാസം സുപ്രധാന പങ്ക് വഹിക്കുന്നു. വിദ്യാഭ്യാസത്തിന്റെ ഏക ലക്ഷ്യം ജോലി ആകരുതെന്നും പകരം എപ്പോഴും പുതിയ കാര്യങ്ങൾ ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളുടെയും യൂണിക്കോണുകളുടെയും എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായതായും അദ്ദേഹം സൂചിപ്പിച്ചു. യുവാക്കളുടെ നൂതനമായ ആശയങ്ങളാണ് ഇവയ്‌ക്ക് പിന്നിലെന്നും ചടങ്ങിൽ അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ നൂറു വർഷങ്ങൾ തികയുമ്പോൾ ഇന്ത്യ ഏറ്റവും വലിയ കരുത്തേറിയ രാജ്യമാകണം. ഇത്തരത്തിൽ ലക്ഷ്യം കൈവരിക്കാൻ യുവാക്കളുടെ സംഭവാനകൾ അനിവാര്യമാണ്. എല്ലാവരും പരമാവധി പരിശ്രമിച്ച് ലക്ഷ്യത്തിലെത്തണമെന്നും ഓം ബിർല ആഹ്വാനം ചെയ്തു.
















Comments