അംബാല: തുടർച്ചയായി രണ്ടാം ദിനവും അംബാല എയർബേസിന് സമീപം ഡ്രോണുകൾ. ഡ്രോണുകൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് വ്യോമസേന അംബാല പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
സ്വാതന്ത്ര്യദിനത്തിന് തൊട്ടുപിന്നാലെയാണ് ഡ്രോൺ പറന്നത്. നേരത്തെ ഓഗസ്റ്റ് 13-നും ഡ്രോണിന്റെ സാന്നിധ്യം ശ്രദ്ധയിൽ പെട്ടിരുന്നു. രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ സംഭവമാണിതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. 15-ന് കണ്ടത് ചുവന്ന നിറത്തിലുള്ള ഡ്രോൺ ആണെന്നും പരാതിയിൽ പറയുന്നു.
വ്യോമസേനയുടെ എയർഫോഴ്സ് സ്റ്റേഷന് ചുറ്റും ഡ്രോണുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.അതിർത്തി പ്രദേശങ്ങളിൽ അനധികൃതമായി ഡ്രോണുകളുടെ പറക്കുന്നതായി ഇതിന് മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജസ്ഥാനിലെ അതിർത്തി പ്രദേശത്ത് ഡ്രോൺ നീങ്ങുന്നതായി ബിഎസ്എഫ് ജവാൻ അറിയിച്ചിരുന്നു. ജൂലൈയിലായിരുന്നു സംഭവം. ശ്രീ ഗംഗാനഗർ ജില്ലയിൽ ഡ്രോൺ പറക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ പട്രോളിങ്ങ് സംഘം ഡ്രോണിനു നേരെ വെടിയുതിർത്തിരുന്നു.
Comments