കോഴിക്കോട്: ലൈംഗിക പീഡനശ്രമ കേസിൽ കോഴിക്കോട് സെഷൻസ് കോടതിയുടെ വിചിത്ര ഉത്തരവ്. യുവതി പ്രകോപനപരമായ വസ്ത്രം ധരിച്ചിരുന്നതിനാൽ ലൈംഗിക അതിക്രമ പരാതി (354 എ) നിലനിൽക്കുകയില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമർശം.
കഴിഞ്ഞ ദിവസമായിരുന്നു കേസിൽ സിവിക് ചന്ദ്രന് മുൻകൂർജാമ്യം അനുവദിച്ചുകൊണ്ട് കോടതി വിധിയുണ്ടായത്. എന്നാൽ വിധി പകർപ്പ് പുറത്തുവന്നതോടെ കോടതിയുടെ നീരീക്ഷണം ചർച്ചയായി.
പ്രതിഭാഗം ജാമ്യാപേക്ഷയോടൊപ്പം കോടതിയിൽ സമർപ്പിച്ച ഫോട്ടോ പ്രകാരം പരാതിക്കാരിയായ യുവതി ധരിച്ച വസ്ത്രം ശരീരഭാഗങ്ങൾ തുറന്നുകാണിക്കുന്നതാണെന്ന് കോടതി പറഞ്ഞു. പ്രതിക്ക് ലൈംഗികമായി ഉത്തേജനം നൽകുന്നതിന് പ്രേരിപ്പിക്കുന്ന വസ്ത്രമാണ് യുവതി ധരിച്ചിരുന്നത്. അതിനാൽ പ്രഥമദൃഷ്ട്യാ ലൈംഗിക പീഡനശ്രമ പരാതി നിലനിൽക്കില്ലെന്ന് കോടതി കണ്ടെത്തി.
കോഴിക്കോട് സെഷൻസ് കോടതി ജഡ്ജി എസ്. കൃഷ്ണകുമാറിന്റേതാണ് ഈ ഉത്തരവ്. നേരത്തെ മുൻകൂർജാമ്യം അനുവദിച്ചപ്പോൾ സിവിക് ചന്ദ്രന്റെ ശാരീരിക ക്ഷമതയായിരുന്നു പ്രധാനമായും ചൂണ്ടിക്കാണിച്ചിരുന്നത്. 72 വയസുള്ളയാളാണെന്നും നടക്കാൻ ഊന്നുവടി സഹായം ഉൾപ്പെടെ ആവശ്യമാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് ഉപാധികളോട് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. എന്നാൽ വിധി പകർപ്പിൽ ഇരയായ സ്ത്രീയുടെ വസ്ത്രധാരണമാണ് പ്രതിയുടെ ചെയ്തിക്ക് കാരണമായതെന്ന് കോടതി നിരീക്ഷിച്ചതോടെ ഇക്കാര്യം വലിയ വിമർശനങ്ങൾക്കാണ് വഴിവെക്കുന്നത്.
Comments