ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാഹുൽ ഗാന്ധി മത്സരിക്കുന്നതിനെച്ചൊല്ലിയുള്ള അവ്യക്തത തുടരുന്നു. ഓഗസ്റ്റ് 21-നും സെപ്റ്റംബർ 20-നും ഇടയിൽ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പാർട്ടിയുടെ പ്രഖ്യാപനം. എന്നാൽ ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കാൻ രാഹുൽ ഗാന്ധി ഇതുവരെയും തയ്യാറായിട്ടില്ല.
രാഹുലിനെ വീണ്ടും അദ്ധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള പലരുടെയും നീക്കം നേരത്തെ പാളിയിരുന്നു. അതുകൊണ്ട് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് ഇതിനോടകം തന്നെ വൈകി. ഈ സാഹചര്യത്തിലും തന്റെ നിലപാട് വ്യക്തമാക്കാതെയിരിക്കുകയാണ് രാഹുൽ ഗാന്ധി. രാഹുലിന്റെ ഭാഗത്ത് നിന്ന് വ്യക്തമായ മറുപടി ലഭിക്കാത്തതിനാൽ തിരഞ്ഞെടുപ്പ് തിയതി നിശ്ചയിക്കേണ്ട കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇതുവരെയും വിളിച്ചിട്ടില്ല.
കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി നൽകുന്ന വിവരങ്ങൾ പ്രകാരം തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പാർട്ടിയിൽ പൂർത്തിയായിട്ടുണ്ട്. മധുസൂദൻ മിസ്ത്രിയുടെ നേതൃത്വത്തിലുള്ള അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓരോ സംസ്ഥാനങ്ങളിൽ നിന്നുമുള്ള 9,000-ത്തോളം വരുന്ന കോൺഗ്രസ് പ്രതിനിധികൾ തിരഞ്ഞെടുപ്പിൽ വോട്ടർമാരാകും.
നേതൃസ്ഥാനം ഏറ്റെടുക്കാൻ രാഹുൽഗാന്ധി വിമുഖത തുടരുകയാണെങ്കിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, മല്ലികാർജുൻ ഖാർഗെ, മുകുൾ വാസ്നിക്, കുമാരി സെൽജ, കെ.സി വേണുഗോപാൽ തുടങ്ങിയവരുടെ പേരുകൾ പരിഗണിക്കപ്പെട്ടേക്കും.
















Comments