ഹൈദരാബാദ്: കേന്ദ്ര സർക്കാരിനെതിരായ പരാമർശത്തിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ബന്ദി സഞ്ജയ്. മുഖ്യമന്ത്രി തന്റെയും തന്റെ സർക്കാരിന്റെയും പരാജയങ്ങൾ മറച്ചു വെയ്‌ക്കുന്നതിനായി കേന്ദ്രത്തിനെ കുറ്റപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങളെ പാപ്പരാക്കുകയാണ് റാവു.ജീവനക്കാർക്ക് ശമ്പളം നൽകാതെ ഓരോ വ്യക്തിയുടെയും മേൽ ലക്ഷ കണക്കിന് രൂപയുടെ ബാധ്യതയാണ് മുഖ്യമന്ത്രി അടിച്ചേൽപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എട്ടു വർഷം കൊണ്ട് തെലങ്കാന കൈവരിച്ച വികസനങ്ങൾ കേന്ദ്രം അനുവദിച്ച ഫണ്ടുകൾ ഉപയോഗപ്പെടുത്തിയാണെന്ന കാര്യവും ബന്ദി ഓർമ്മിപ്പിച്ചു. തൊഴിലില്ലാത്ത യുവാക്കൾ, റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ജീവനക്കാർ, തുടങ്ങി വിവിധ ജനവിഭാഗങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ പലതും കെസിആർ പാലിച്ചില്ലെന്ന് ജനങ്ങൾക്ക് അറിയാം. തൊഴിലാളികളും കർഷകരും സർക്കാരിന്റെ ഇത്തരം പ്രവൃത്തികളിൽ മനം നൊന്തു ആത്മഹത്യയിലേക്ക് വരെ നീങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ പുതിയ റേഷൻകാർഡുകളും പെൻഷനും ജനങ്ങൾക്ക് ലഭ്യമാക്കിയതിന്റെ വിവരങ്ങൾ വിശദീകരിക്കാൻ കഴിയുമോയെന്നും മുഖ്യമന്ത്രിയോട് ചോദിച്ചു.
പാവപ്പെട്ടവർക്കുള്ള ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിൽ പ്രധാനമന്ത്രി എതിർപ്പുകൾ പ്രകടിപ്പിച്ചിട്ടില്ല. പദ്ധതികൾ നടപ്പാക്കുന്നതിൽ എതിർപ്പുകൾ സൃഷ്ടിച്ചത് തെലങ്കാന രാഷ്‌ട്ര സമിതി (ടിആർഎസ്) സർക്കാരാണെന്നും ബന്ദി സഞ്ജയ് ആരോപിച്ചു. പാവപ്പെട്ടവർക്ക് ലഭ്യമാക്കേണ്ട റിതു ബന്ധു പദ്ധതി സമ്പന്നരായ കർഷകരിലേക്ക് വിപുലീകരിച്ചു. ജനങ്ങളോട് ചെയ്യുന്ന വഞ്ചനയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു കേന്ദ്ര സർക്കാരിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചത്. ഭരണഘടനയിൽ പറയുന്ന ഫെഡറൽ മൂല്യങ്ങളെ വ്രണപ്പെടുത്തുകയാണ് സർക്കാരെന്നും സംസ്ഥാനങ്ങളെ സാമ്പത്തികമായി ദുർബലപ്പെടുത്താൻ ഗൂഢാലോചന നടത്തുന്നതായുമാണ് റാവു ആരോപിച്ചത്. ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ബിജെപി അദ്ധ്യക്ഷൻ പ്രതികരിച്ചത്.
Comments