പട്ന: ബിഹാറിൽ നിയമമന്ത്രിയായി ചുമതലയേറ്റ ആർജെഡി നേതാവ് കാർത്തിക് സിംഗിനെതിരെ തട്ടികൊണ്ടുപോകൽ കേസിൽ അറസ്റ്റ് വാറണ്ട്. മന്ത്രിയായി ചുമതലയേറ്റ് ഒരു ദിവസം പിന്നിടുമ്പോഴാണ് മന്ത്രിയ്‌ക്ക് അറസ്റ്റ് വാറണ്ട് വന്നിരിക്കുന്നത്. ആയുധ കേസിൽ പത്ത് വർഷം തടവുശിക്ഷ ലഭിച്ച മുൻ എംഎൽഎ അനന്ത് സിംഗുമായി വളരെ അടുപ്പമുള്ള വ്യക്തിയാണ് ഇദ്ദേഹം. രാജീവ് രഞ്ജൻ സിംഗ് എന്ന വ്യക്തിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ് ബീഹാറിലെ നിയമ മന്ത്രി.
തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് കാർത്തിക് സിംഗിനെതിരെ ഐപിസി സെക്ഷൻ 34, 363 (തട്ടിക്കൊണ്ടുപോകൽ), 364 (കൊലപാതകത്തിനായി തട്ടിക്കൊണ്ടുപോകൽ), 365 എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്. 2017 ഫെബ്രുവരി 16 ന്, ജസ്റ്റിസ് സഞ്ജയ് പ്രിയ ഉൾപ്പെട്ട അലഹബാദ് ഹൈക്കോടതി സിംഗിൾ ജഡ്ജി ബെഞ്ച് ആർജെഡി നേതാവായ കാർത്തിക് സിംഗിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കളഞ്ഞിരുന്നു. കുറ്റകൃത്യത്തിൽ കാർത്തികിന്റെ പങ്കിനെപ്പറ്റി ഇര കോടതിയെ ബോധിപ്പിച്ചിരുന്നു.
തനിക്കെതിരെയുള്ള നടപടികൾ റദ്ദാക്കണമെന്ന സിംഗിന്റെ ഹർജി ജൂലൈ 7-ന് ഹൈക്കോടതിയും തള്ളിക്കളഞ്ഞിരുന്നു. ഓഗസ്റ്റ് 16-നകം കോടതിയിൽ കീഴടങ്ങാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ നിലവിൽ മന്ത്രി കൂടിയായ കാർത്തിക് സിംഗ് കീഴടങ്ങിയിട്ടില്ലെന്ന് ഇരയുടെ അഭിഭാഷകനായ അമർജ്യോതി ശർമ മാദ്ധ്യമങ്ങളോട് പറഞ്ഞു. നിലവിൽ മന്ത്രിയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് നിലനിൽക്കുകയാണ്. എൻഡിഎ സഖ്യത്തിൽ നിന്നും മാറി പ്രതിപക്ഷമായിരുന്ന ആർജെഡിയോടൊപ്പം ചേർന്ന് മഹാഗഡ്ബന്ധൻ സഖ്യമുണ്ടാക്കി ഭരണം പിടിച്ച നിതീഷ് കുമാർ സർക്കാരിന് കനത്ത തിരിച്ചടിയാണ് നിയമന്ത്രിയ്‌ക്കെതിരെയുള്ള കേസ്.
Comments