ന്യൂഡൽഹി: ബിജെപിയുടെ 11 അംഗ പാർലമെന്ററി ബോർഡിനെ പ്രഖ്യാപിച്ചു. ദേശീയ അധ്യക്ഷൻ ജഗത് പ്രകാശ് നദ്ദയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെയും നേതൃത്വത്തിലായിരിക്കും പുതിയതായി രൂപീകരിച്ച ബോർഡിന്റെ പ്രവർത്തനം.
ബി.എസ് യെദ്യൂരപ്പ, സർബാനന്ദ സോനോവാൾ, കെ ലക്ഷ്മൺ, സുധ യാദവ്, ബിഎൽ സന്തോഷ്, സത്യനാരായണ ജാതിയ, ഇഖ്ബാൽ സിംഗ് ലാൽപുര തുടങ്ങിയവർ ബോർഡിലെ പുതിയ അംഗങ്ങളാണ്.

ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയും ഇതിനോടൊപ്പം രൂപീകൃതമായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്നാഥ് സിംഗ്, അമിത് ഷാ, ബിഎസ് യെദ്യൂരപ്പ, സർബാനന്ദ സോനോവാൾ, കെ ലക്ഷ്മൺ, സുധ യാദവ്, ബിഎൽ സന്തോഷ്, സത്യനാരായണ ജാതിയ, ഇഖ്ബാൽ സിംഗ് ലാൽപുര, ഭൂപേന്ദ്ര യാദവ്, ദേവേന്ദ്ര ഫഡ്നാവിസ്, ഓം മാത്തൂർ എന്നിവർ ഉൾപ്പെടുന്നതാണ് 15 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി.
യെദ്യൂരപ്പ, സത്യനാരായൺ ജാതിയ, കെ ലക്ഷ്മൺ തുടങ്ങിയ മുതിർന്ന നേതാക്കളെ പാർട്ടിയുടെ കേന്ദ്ര പാനലിൽ ഉൾപ്പെടുത്തുന്നത് മുതിർന്ന പ്രവർത്തകരുടെ അനുഭവസമ്പത്തിനെ ബിജെപി എത്രമാത്രം വിലമതിക്കുന്നുവെന്നാണ് സൂചിപ്പിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.
സർബാനന്ദ സോനോവാൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാവാണ്, എൽ ലക്ഷ്മണും ബിഎസ് യെദ്യൂരപ്പയും ദക്ഷിണേന്ത്യയിൽ നിന്നുള്ളവരാണ്, സിഖ് നേതാക്കളിൽ ഒരാളാണ് ഇഖ്ബാൽ സിംഗ് ലാൽപുര. വൈവിധ്യത്തിന് പ്രാമുഖ്യം നൽകുന്നതാണ് പാർട്ടിയുടെ പുനഃസംഘടനയെന്നും നേതാക്കൾ പ്രതികരിച്ചു.
















Comments