ബോളിവുഡിൽ ആമിർ ഖാൻ ചിത്രത്തിന് പഴയ പോലെ സ്വീകാര്യത ലഭിക്കുന്നില്ലെന്ന് വിലയിരുത്തൽ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ലാൽ സിംഗ് ഛദ്ദ വലിയ പരാജയത്തിലേയ്‌ക്കാണ് നീങ്ങുന്നത്. ഓഗസ്റ്റ് 11ന് റിലീസ് ചെയ്ത ചിത്രത്തിന് 50 കോടി രൂപ പോലും നേടാൻ കഴിഞ്ഞിട്ടില്ല. 185 കോടിയാണ് ലാൽ സിംഗ് ഛദ്ദയുടെ മുതൽ മുടക്ക്. ചിത്രം 6 ദിവസം കൊണ്ട് നേടിയത് വെറും 48 കോടി മാത്രമാണ്. അടുപ്പിച്ച് ആമീറിന്റെ രണ്ടാമത്തെ ചിത്രമാണ് പരാജയപ്പെടുന്നത്. 2018 ൽ ഇറങ്ങിയ തഗ്സ് ഓഫ് ഹിന്ദോസ്ഥാനും പരാജയമായിരുന്നു. ഈ സിനിമ ആദ്യം ദിനം തന്നെ 50 കോടി നേടിയിരുന്നുവെങ്കിലും പിന്നീട് ബോക്സ്‍ഓഫീസിൽ തകർന്നടിയുകയായിരുന്നു. ഇപ്പോൾ ലാൽ സിംഗ് ഛദ്ദ കൂടി പരാജയപ്പെട്ടതോടെ ആമീറിന്റെ താരത്തിളക്കത്തിന് മങ്ങലേൽക്കുകയാണ്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഷാരുഖ് ഖാൻ, സൽമാൻ ഖാൻ ചിത്രങ്ങൾക്കും വലിയ ചലനങ്ങൾ ബോക്സ്ഓഫീസിൽ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല. ഇടയ്‌ക്ക് വലിയ വിജയങ്ങൾ അടുപ്പിച്ച് നേടിയ അക്ഷയ്കുമാറിനും നിലവിൽ അത്ര നല്ല സമയമല്ല. ബച്ചൻ പാണ്ഡെ, പൃഥ്വിരാജ് ചൗഹാൻ, രക്ഷാബന്ധൻ തുടങ്ങിയ താരത്തിന്റെ ചിത്രങ്ങളും പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ല. രൺബീർ കപൂർ നായകനായി എത്തിയ ഷംഷേരയും വലിയ പരാജയം ഏറ്റുവാങ്ങി. നിലവിൽ ബോളിവുഡ് ചിത്രങ്ങൾക്ക് മങ്ങലേൽക്കുമ്പോൾ തെന്നിന്ത്യൻ സിനിമകൾക്ക് ഇന്ത്യ ഒട്ടാകെ വലിയ സ്വീകാര്യത ലഭിക്കുകയാണ്.
ആമീറിന്റെ ലാൽ സിംഗ് ഛദ്ദയ്‌ക്ക് 75 കോടിക്കു മുകളിൽ കളക്ഷൻ നേടാൻ കഴിയില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം 1300 ഷോകളാണ് റദ്ദാക്കിയത്. ഹിന്ദിക്ക് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും മൊഴിമാറ്റി എത്തിയ ചിത്രം ടോം ഹാങ്ക്സിന്റെ വിഖ്യാത ചിത്രം ഫോറസ്റ്റ് ഗംപിന്റെ (1994) റീമേക്കാണ്. ആമിർ ഖാനൊപ്പം കരീന കപൂർ, മോന സിംഗ്, നാഗ ചൈതന്യ എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. അതിഥി വേഷത്തിൽ ഷാരുഖ് ഖാൻ എത്തിയിട്ടും തിയറ്ററിലേയ്‌ക്ക് ജനങ്ങളെ എത്തിക്കാൻ ആമീർഖാൻ ചിത്രത്തിന് ആകുന്നില്ല.
Comments