കൊച്ചി : ബോളിവുഡ് സിനിമാ ലോകത്തെ ബാധിച്ചിരിക്കുന്ന പ്രശ്‌നങ്ങൾ വിശദീകരിച്ച് നടൻ ജോൺ എബ്രഹാം. ബോളിവുഡ് സിനിമകളിൽ കണ്ടൻറ് ഇല്ലെന്നാണ് താരം പറഞ്ഞത്. മികച്ച കഥയാണ് നല്ല സിനിമകൾക്ക് ആവശ്യം. അത് ബോളിവുഡിൽ നിന്ന് ലഭിക്കുന്നില്ല. താൻ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും തങ്ങൾ തന്നെയാണ് ഇതിന് കാരണമെന്നും നടൻ പറഞ്ഞു. മൈക്ക് എന്ന മലയാള സിനിമയുടെ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുക്കയായിരുന്നു അദ്ദേഹം.
നല്ല കഥയില്ലാത്തത് തന്നെയാണ് ബോളിവുഡിന്റെ പ്രശ്‌നം. എന്നാൽ അതിന് ആരെയും പഴിചാരാനാവില്ല. താനും ബോളിവുഡിന്റെ ഭാഗമാണ്. ബോളിവുഡിൽ ഇനി മികച്ച സിനിമകൾ സൃഷ്ടിക്കാൻ എല്ലാവരും ഉണർന്ന് പ്രവർത്തിക്കുമെന്നും ജോൺ എബ്രഹാം പറഞ്ഞു.
ബോളിവുഡ് സിനിമകൾക്കെതിരെ നടക്കുന്ന ക്യാമ്പെയ്‌നുമായി ബന്ധപ്പെട്ട ചോദ്യത്തിന് താരം പ്രതികരിച്ചില്ല. തനിക്ക് അതിനെക്കുറിച്ച് സംസാരിക്കാൻ താത്പര്യം ഇല്ലെന്നാണ് ജോൺ എബ്രഹാം പറഞ്ഞത്. അത് തികച്ചും വ്യത്യസ്തമായ കാര്യമാണെന്നും മൈക്കിനെക്കുറിച്ച് സംസാരിക്കാമെന്നും താരം പറഞ്ഞു. മൈക്കിന് എല്ലാ പിന്തുണയും ലഭിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
അനശ്വര രാജൻ നായികയായെത്തുന്ന മൈക്ക് നാളെയാണ് (ഓഗസ്റ്റ് 19) തിയേറ്ററുകളിൽ എത്തുന്നത്. നവാഗതനായ രഞ്ജിത്ത് സജീവനാണ് നടൻ. വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം ജോൺ എബ്രഹാമിന്റെ ജെ എ എന്റർടെയ്ൻമെന്റാണ് നിർമ്മിക്കുന്നത്.
Comments