കൊച്ചി : മലയാള സിനിമ ഏറ്റവും മികച്ച സിനിമയാണെന്ന് ബോളിവുഡ് താരം ജോൺ എബ്രഹാം. കേരളം എന്നും എന്റെ ഹൃദയത്തിലാണ്. മലയാളത്തിൽ അഭിനയിക്കാൻ താത്പര്യമുണ്ടെന്നും താരം പറഞ്ഞു. മൈക്ക് എന്ന മലയാള സിനിമയുമായി ബന്ധപ്പെട്ട് നടന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുക്കയായിരുന്നു അദ്ദേഹം.
മലയാളത്തിൽ നല്ല കണ്ടന്റുള്ള സിനിമകളുണ്ട്. സുരാജ് വെഞ്ഞാറമ്മൂട്, ബിജു മേനോൻ, ജോജു ജോസഫ്, മോഹൻലാൽ, മമ്മൂട്ടി, ഫഹദ് ഫാസിൽ ഉൾപ്പെടെ നിരവധി പേർ തനിക്ക് ഇഷ്ടപ്പെട്ട നടന്മരാണ്. മലയാളത്തിൽ അഭിനയിക്കാനും ഒരുപാട് ആഗ്രഹമുണ്ട്. മലയാള സിനിമകളെ വാനോളം പുകഴ്‌ത്തിയ ജോൺ എബ്രഹാം ബോളിവുഡ് സിനിമയെ വിമർശിച്ച് സംസാരിച്ചു.
ബോളിവുഡ് സിനിമകളിൽ കണ്ടൻ്റ് ഇല്ലെന്നാണ് താരം പറഞ്ഞത്. മികച്ച കഥയാണ് നല്ല സിനിമകൾക്ക് ആവശ്യം. അത് ബോളിവുഡിൽ നിന്ന് ലഭിക്കുന്നില്ല. താൻ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും തങ്ങൾ തന്നെയാണ് ഇതിന് കാരണമെന്നും നടൻ പറഞ്ഞു. ബോളിവുഡിൽ ഇനി മികച്ച സിനിമകൾ സൃഷ്ടിക്കാൻ എല്ലാവരും ഉണർന്ന് പ്രവർത്തിക്കുമെന്നും ജോൺ എബ്രഹാം പറഞ്ഞു.
അനശ്വര രാജൻ നായികയായെത്തുന്ന മൈക്ക് നാളെയാണ് (ഓഗസ്റ്റ് 19) തിയേറ്ററുകളിൽ എത്തുന്നത്. രഞ്ജിത്ത് സജീവനാണ് നടൻ. വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം ജോൺ എബ്രഹാമിന്റെ ജെ എ എന്റർടെയ്ൻമെന്റാണ് നിർമ്മിക്കുന്നത്.
Comments