വാട്‌സോൺവില്ലേ: കാലിഫോർണിയയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം. നോർത്തേൺ കാലിഫോർണിയയിലാണ് സംഭവമുണ്ടായത്. വാട്‌സോൺവില്ലേ മുനിസിപ്പൽ എയർപോർട്ടിൽ വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിക്ക് വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതിനിടെയായിരുന്നു അപകടം.
സാൻഫ്രാൻസിസ്‌കോയിൽ നിന്ന് രണ്ട് മണിക്കൂർ ദൂരമാണ് വാട്‌സോൺവില്ലേയിലേക്ക് ഉള്ളത്. സെസ്‌ന 340 എന്ന ഇരട്ട എഞ്ചിൻ വിമാനത്തിൽ രണ്ട് പേരും സെസ്‌ന 152 എന്ന സിംഗിൾ എഞ്ചിൻ വിമാനത്തിൽ പൈലറ്റ് മാത്രവുമാണ് അപകടസമയത്ത് ഉണ്ടായിരുന്നതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേൻ വ്യക്തമാക്കുന്നു.
അപകടത്തിൽ രണ്ട് വിമാനങ്ങളും തകർന്നുവെന്നാണ് റിപ്പോർട്ട്. അതേസമയം ഇരുവിമാനങ്ങളിലുമായി ഉണ്ടായിരുന്ന മൂന്ന് പേരിൽ ആരെങ്കിലും ജീവനോടെയുണ്ടോയെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. അപകടത്തെ തുടർന്ന് വിമാനത്താവളത്തിൽ ഉണ്ടായിരുന്ന ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ലെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേൻ (എഫ്എഎ) അറിയിച്ചു. ദേശീയ ഗതാഗത സുരക്ഷാ ബോർഡും എഫ്എഎയും ചേർന്ന് അപകടകാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുകയാണ്.
Comments