ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ യൂട്യൂബ് ചാനലുകൾക്ക് കേന്ദ്രസർക്കാർ വീണ്ടും പൂട്ടിട്ടത്. 144 കോടിയിലധികം കാഴ്ചക്കാർ ഈ യൂട്യൂബ് ചാനലുകൾക്ക് ഉണ്ടായിരുന്നുവെന്നാണ് കണക്ക്. 85.73 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സും ഈ ചാനലുകൾക്ക് ഉണ്ടായിരുന്നു. വലിയ തോതിൽ കാഴ്ചക്കാർ ഉണ്ടായിരുന്നത് കൊണ്ട് തന്നെ മികച്ച വരുമാനവും ഈ യൂട്യൂബ് ചാനലുകൾക്ക് ലഭിച്ചിരുന്നു. 2021 ഡിസംബർ മുതൽ രാജ്യ വിരുദ്ധ ഉള്ളടക്കം പ്രചരിപ്പിച്ചതിന്റെ പേരിൽ 102ലധികം യൂട്യൂബ് ചാനലുകളാണ് കേന്ദ്രസർക്കാർ നിരോധിച്ചിട്ടുള്ളത്.
തീർത്തും വ്യാജമായ വാർത്തകളാണ് ഓരോ ചാനലുകളുടേയും ഉള്ളടക്കം. ഇതിൽ നിരോധിക്കപ്പെട്ട യൂട്യൂബ് ചാനലുകളിലൊന്നായ ലോക്തന്ത്ര എന്ന യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച ഒരു വാർത്ത ഇതാണ്. ‘ഇന്ത്യയിൽ പശു-ബീഫ് ഇറച്ചികൾ കയറ്റുമതി ചെയ്യുന്നവരെ ഞെട്ടിക്കുന്ന വാർത്ത’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ചിരിക്കുന്ന ഉള്ളടക്കത്തിന് 59 ലക്ഷത്തോളം കാഴ്ചക്കാരാണ് ഉണ്ടായിരുന്നത്. ഇതിന്റെ തലക്കെട്ട് തന്നെ പൂർണ്ണമായും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ്. കാരണം ഇന്ത്യയിൽ നിന്നും ബീഫ് കയറ്റുമതി ഉണ്ടെങ്കിലും പശുവിന്റെ മാസം കയറ്റുമതി ചെയ്യുന്നില്ല.
‘ മോദി കാരണം രാജ്യത്തെ ദശലക്ഷക്കണക്കിന് യുവാക്കൾക്ക് വിവാഹം ചെയ്യാൻ പറ്റുന്നില്ല’ എന്നതായിരുന്നു മറ്റൊരു തലക്കെട്ട്. ‘ മോദി ഇന്ത്യയിൽ ബക്രീദ് നിരോധിച്ചു’, ‘ ഇന്ത്യയിൽ ആഭ്യന്തര യുദ്ധം രൂക്ഷം’ എന്നീ തലക്കെട്ടുകളോടെയുള്ള വാർത്തകളും ചാനലിൽ ഉണ്ടായിരുന്നു. 12.9 ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സാണ് ഈ ചാനലിന് ഉണ്ടായിരുന്നത്. ഇതിൽ ഇരുപതോളം വീഡിയോകൾ പത്ത് ലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്.
യൂ ആന്റ് വി ടിവിയാണ് നിരോധിക്കപ്പെട്ട മറ്റൊരു യൂട്യൂബ് ചാനൽ. ‘ നിതിൻ ഗഡ്കരിയേയും ശിവരാജ് സിംഗ് ചൗഹാനെയും ബിജെപിയിൽ നിന്ന് പുറത്താക്കി’ എന്നതാണ് ഈ ചാനലിലെ ഒരു വാർത്ത. സമാനമായ രീതിയുള്ള വ്യാജ വാർത്തകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 10 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സാണ് ചാനലിനുണ്ടായിരുന്നത്.
എഎം റസ്വിയാണ് അടുത്ത ചാനൽ. ചാനലിന്റെ ഉടമസ്ഥതയിലുള്ള ആളുടെ പേര് തന്നെയാണ് ചാനലിനും നൽകിയിരിക്കുന്നത്. ‘ അജ്മീർ ദർഗയെ ഇനി രക്ഷിക്കാൻ പ്രയാസമാണ്’ എന്നതാണ് ഇതിലെ ഒരു വാർത്ത. ഈ വാർത്തയോടൊപ്പം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രവും ബുൾഡോസറിന്റെ ചിത്രവുമാണ് നൽകിയിരിക്കുന്നത്. യോഗി ആദിത്യനാഥ് അജ്മീർ ദർഗ പൊളിക്കാൻ പോവുകയാണെന്ന തരത്തിലാണ് ഇതിലെ ഉള്ളടക്കം. 95,900 ത്തോളം സ്ബ്‌സ്‌ക്രൈബേഴ്‌സ് ഇവർക്കുണ്ട്.
ഏഴ് ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള ‘ഗൗരവ്ശാലി പവൻ മിഥിലാഞ്ചൽ’ എന്ന പേരിലുള്ള യൂട്യൂബ് ചാനലാണ് പട്ടികയിൽ അടുത്തത്. ബോളിവുഡ് നടി രേഖ ഇസ്ലാം മതം സ്വീകരിച്ചുവെന്നാണ് ഇവർ ഒരു വീഡിയോയിൽ അവകാശപ്പെടുന്നത്. ബാബറി മസ്ജിദ് തകർക്കാൻ ഗൂഢാലോചന നടത്തിയവരോട് അള്ളാഹു പൊറുക്കില്ലെന്ന് രേഖ പറഞ്ഞുവെന്നും ഇവർ വ്യാജ ഉള്ളടക്കത്തിൽ പറയുന്നു. ‘ അജ്മീർ ദർഗ പൊളിക്കാൻ നിർദ്ദേശം നൽകി കേന്ദ്രസർക്കാർ’ എന്നതാണ് ഇതിലെ മറ്റൊരു വാർത്ത. ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോയും കണ്ടിരിക്കുന്നത്.
















Comments