പാലക്കാട്: അട്ടപ്പാടി മധു കൊലക്കസിൽ നിർണായക വിധിയുമായി മണ്ണാർക്കാട് കോടതി. കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കി. മണ്ണാർക്കാട് എസ് സി/ എസ്ടി കോടതിയാണ് പ്രതികളുടെ ജാമ്യം റദ്ദാക്കി ഉത്തരവിട്ടത്. 12 പ്രതികളുടെ ജാമ്യമാണ് റദ്ദാക്കിയത്. ജാമ്യത്തിൽ തുടരേ സാക്ഷികളെ പ്രതികൾ സ്വാധീനിച്ചതായി കോടതിയ്ക്ക് വ്യക്തമായി. ഇതോടെയായിരുന്നു ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
ഒന്ന്, നാല്, 13,14 പ്രതികൾ ഒഴികെയുള്ളവരുടെ ജാമ്യമാണ് റദ്ദാക്കിയിരിക്കുന്നത്. സാക്ഷികളെ സ്വാധീനിച്ച 12 പ്രതികളുടെയും ജാമ്യാപേക്ഷ റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യം ഇത് അംഗീകരിച്ചായിരുന്നു കോടതിയുടെ നടപടി. പ്രതികൾ സാക്ഷികളെ സ്വാധീനിച്ചതിനുള്ള രേഖകൾ വിചാരണ വേളയിൽ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇത് പരിഗണിച്ചായിരുന്നു കോടതി ജാമ്യം റദ്ദാക്കാൻ തീരുമാനിച്ചത്.
കേസിന്റെ വിചാരണയ്ക്കിടെ 13 സാക്ഷികളായിരുന്നു കൂറ് മാറിയത്. പ്രതികളുടെ സ്വാധീനത്തെ തുടർന്നാണ് ഇതെന്ന് വ്യക്തമായതോടെ പ്രോസിക്യൂഷൻ കോടതിയെ സമീപിക്കുകയായിരുന്നു. പ്രതികളായ മരയ്ക്കാർ, ഷംസുദ്ദീൻ, നജീബ്, സജീവ് എന്നിവരാണ് കൂടുതൽ സാക്ഷികളെ സ്വാധീനിച്ചത്. നേരിട്ടും, ഇടനിലക്കാർ മുഖേനയുമായിരുന്നു ഇവരുടെ നീക്കങ്ങൾ. സാക്ഷികളെ 63 തവണ ഒരു പ്രതി ബന്ധപ്പെട്ടതിന്റെ തെളിവുകൾ അടക്കം കോടതിയിൽ ഹാജരാക്കിയിരുന്നു.
Comments