ഷിംല : ഹിമാചൽ പ്രദേശിൽ ഉരുൾപൊട്ടലിലും മിന്നൽ പ്രളയത്തിലുമായി ആറ് പേർ കൊല്ലപ്പെട്ടു. 13 പേരെ കാണാതായി. ശക്തമായ മഴയെ തുടർന്ന് ഹമീർപൂർ ജില്ല വെള്ളത്തിനടിയിലാണ്. 22 ഓളം ആളുകളെ സുരക്ഷിതമായ ഭാഗങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്.
ചമ്പ ജില്ലയിൽ ഉരുൾ പൊട്ടലിനെ തുടർന്ന് വീട് തകർന്നുവീണു. ഇതിനിടയിൽ പെട്ട് മൂന്ന് പേർ മരിച്ചു. പുലർച്ചെ 4.30 ഓടെയാണ് സംഭവം നടന്നത്. മാണ്ടിയിൽ മിന്നൽ പ്രളയത്തിൽ പെട്ട് ഒരു പെൺകുട്ടി മരിച്ചു. 13 പേരെ കാണാതായി. വീട്ടിൽ നിന്ന് അര കിലോമീറ്റർ അകലെ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചത്. ഈ പെൺകുട്ടിയുടെ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായി സംശയിക്കുന്നു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം മാണ്ഡി ജില്ലയിലെ നിരവധി റോഡുകളിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.
മേഘവിസ്‌ഫോടനത്തെ തുടർന്ന ഭാഗി മുതൽ ഓൾ കട്ടോല വരെയുള്ള പ്രദേശങ്ങളിലെ ആളുകൾ വീട് വിട്ട് ക്യാമ്പുകളിലേക്കും മറ്റും മാറിയിരിക്കുകയാണ്. കാഷാൻ ഗ്രാമത്തിലുണ്ടായിരുന്ന ഉരുൾ പൊട്ടലിൽ വീട് തകർന്ന് വീണു. ആറോളം പേർ വീടിനടിയിൽ പെട്ടതായാണ് വിവരം. ഇവരുടെ മൃതദേഹം പോലും കണ്ടെടുക്കാനായിട്ടില്ല.
ബാൽ, സാദർ, തുനാഗ്, മാണ്ടി, ലാമാതാച്ച് എന്നീ പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. അതേസമയം കാംഗ്ര ജില്ലയിലെ ചക്കി പാലം തകർന്നുവീണു. കനത്ത മഴയെതുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് പാലം തകർന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
Comments