തിരുവനന്തപുരം: കേരളത്തിനെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും രക്ഷിക്കുന്നത് നരേന്ദ്രമോദി സർക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സഹകരണ സ്ഥാപനങ്ങളെ അഴിമതിമുക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തിയ സെക്രട്ടറിയേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രം അനുവദിച്ച ഫണ്ടുകൾ ലാപ്‌സാക്കുകയാണ് സംസ്ഥാനത്തിന്റെ പതിവ്. ഏറ്റവും കൂടുതൽ കേന്ദ്രവിഹിതവും സഹായവും കേരളത്തിന് നൽകിയത് നരേന്ദ്രമോദിയാണ്. കൊവിഡ് കാലത്ത് പട്ടിണിയിൽ നിന്നും സംസ്ഥാനത്തെ രക്ഷിച്ചത് കേന്ദ്രസർക്കാരാണ്. വെന്റിലേറ്ററിലായ പിണറായി വിജയൻ സർക്കാരിനെ ഓക്‌സിജൻ കൊടുത്ത് രക്ഷിക്കുന്നത് നരേന്ദ്രമോദി സർക്കാരാണ്.
കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളെ ഞെക്കി കൊല്ലാൻ ശ്രമിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ വാദം ബാലിശമാണ്. കേരളത്തിന് കേന്ദ്രം നൽകിയ സഹായത്തിൽ യുപിഎ സർക്കാരിന്റെ 10 വർഷവുമായി മോദി സർക്കാരിന്റെ 8 വർഷത്തെ താരതമ്യം ചെയ്യാൻ മുഖ്യമന്ത്രി തയ്യാറാണോ? കണക്കുകൾ വെച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയെ ബിജെപി വെല്ലുവിളിക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കേരളം ഇന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കേരളത്തിന്റെ സാമ്പത്തികരംഗം തകർത്ത ചതിയനാണ് മുൻ ധനമന്ത്രി തോമസ് ഐസക്ക്. കിഫ്ബിയുടെ പേരിൽ നടക്കുന്ന തട്ടിപ്പാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നത്. സിഎജിയും ഇത് തന്നെയാണ് ചോദ്യം ചെയ്തത്. വായ്പയെടുത്ത പണമെടുത്ത് ധൂർത്തടിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. ജനങ്ങൾക്ക് ഒരു സഹായവും ചെയ്യാനാവാത്ത സർക്കാരാണിത്.
സാധാരണക്കാരെ സഹായിക്കേണ്ടുന്ന സഹകരണ മേഖലയെ തകർത്തത് സംസ്ഥാന സർക്കാരാണ്. ആർബിഐക്ക് മുമ്പിൽ മുഖ്യമന്ത്രി ഉൾപ്പെടെ സമരം ചെയ്തത് സഹകരണമേഖലയെ സംരക്ഷിക്കാനല്ല. മറിച്ച് കള്ളപ്പണക്കാരെയും അഴിമതിക്കാരെയും സംരക്ഷിക്കാനായിരുന്നു. നിക്ഷേപകർ അറിയാതെ അവരുടെ പണം റിയൽ എസ്റ്റേറ്റ് നടത്താൻ ഉപയോഗിച്ചു. തട്ടിപ്പിലൂടെ സഖാക്കൾ അവരുടെ സമ്പാദ്യങ്ങളെല്ലാം കൊണ്ടുപോയി. നിക്ഷേപകർക്ക് ഒരു രക്ഷയുമില്ലാതെയായി. പലർക്കും ഗത്യന്തരമില്ലാതെ ആത്മഹത്യ പോലും ചെയ്യേണ്ടി വന്നു.
പാർട്ടിയുടെ കള്ളപ്പണം വെളുപ്പിക്കാനാണ് സിപിഎം സഹകരണ ബാങ്കുകളെ ഉപയോഗിക്കുന്നത്. കോൺഗ്രസും ഇങ്ങനെ തന്നെയാണ് ചെയ്യുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
Comments