ഹൈദരാബാദ് : ഹിന്ദു ദൈവങ്ങൾക്കെതിരെ പരാമർശം നടത്തി വിവാദത്തിലായ മുനവർ ഫാറൂഖിയുടെ പരിപാടിക്ക് സുരക്ഷയൊരുക്കി തെലങ്കാന സർക്കാർ. ഹൈദരാബാദിൽ പരിപാടി നടക്കുന്ന സ്ഥലത്ത് വൻ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്താണ് സർക്കാരിന്റെ നടപടി. ടിക്കറ്റ് എടുത്തവരെപ്പോലും കനത്ത സുരക്ഷയിലാണ് വേദിയിൽ എത്തിക്കുന്നത്. ഹൈടെക്ക് സിറ്റിയിലെ ശിൽപകലയിലാണ് പരിപാടി.
ഭഗവാൻ ശ്രീരാമനെയും സീതാദേവിയെയും അപമാനിച്ച മുനവർ ഫാറൂഖിക്കെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. തന്റെ കോമഡി പരിപാടിക്കിടെയായിരുന്നു ഫാറൂഖിയുടെ പരാമർശം. ഇതിനെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് നടന്നത്. തുടർന്ന് ഫാറൂഖിയുടെ നിരവധി പരിപാടികൾ റദ്ദാക്കുകയുമുണ്ടായി. ഇതിനടെയാണ് ടിആർഎസ് സർക്കാർ ഫാറൂഖിയെ ചടങ്ങിലേക്ക് മുഖ്യാതിഥിയായി ക്ഷണിച്ചത്.
ടിആർഎസിന്റെ ഈ നടപടിക്കെതിരെ ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തിയ ഫാറൂഖിയെ മുഖ്യാതിഥിയായി ക്ഷണിക്കുന്നതിലൂടെ സർക്കാർ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ബിജെപി അദ്ധ്യക്ഷൻ ബണ്ഡി സഞ്ജയ് കുമാർ ചോദിച്ചു. തെലങ്കാനയിൽ ഒരു കൂട്ടം കോമാളികൾ നടത്തുന്ന ടിആർഎസ് സർക്കാരിന്റെ കോമഡി സർക്കസ് പോരാഞ്ഞിട്ടാണോ ഇപ്പോൾ മുനവർ ഫാറൂഖിയെ കൊണ്ടുവരുന്നത് എന്നും അദ്ദേഹം പരിഹസിച്ചു. സീതാദേവിയെ പരിഹസിച്ചയാളുടെ പരിപാടി ബഹിഷ്‌കരിക്കുമെന്നും ബിജെപി അറിയിച്ചിട്ടുണ്ട്. ശക്തമായ പ്രതിഷേധം നടത്താൻ പാർട്ടി ഒരുങ്ങുന്നതിനിടെയാണ് ഫാറൂഖിക്ക് സർക്കാർ സുരക്ഷയൊരുക്കുന്നത്.
അതേസമയം ബംഗളൂരുവിൽ നടത്താനിരുന്ന ഫാറൂഖിയുടെ പരിപാടി വീണ്ടും റദ്ദാക്കി. പരിപാടി നടത്താൻ സംഘാടകർ മുൻകൂർ അനുമതി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞ് സിറ്റി പോലീസാണ് പരിപാടി റദ്ദാക്കിയത്. ഇത് രണ്ടാം തവണയാണ് ഫാറൂഖിയുടെ ഷോ ബംഗളൂരുവിൽ റദ്ദാക്കുന്നത്.
മദ്ധ്യപ്രദേശിൽ നടത്തിയ പരിപാടിയിലും ഫാറൂഖി ഹിന്ദു ദൈവങ്ങൾക്കെതിരെ മോശം പരാമർശം നടത്തിയിരുന്നു. തുടർന്ന് ഒരു മാസത്തോളം ഇയാൾ ജയിലിലായിരുന്നു.
















Comments