നിഗൂഢതകൾ നിറച്ച് മമ്മൂട്ടി ചിത്രം റോഷാക്കിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്. ഒരു പാറക്കെട്ടിൽ വിശ്രമിക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രമാണ് പോസ്റ്ററിൽ ഉള്ളത്. മെയ് 2 നാണ് ചിത്രത്തിന്റെ ടൈറ്റിലിനൊപ്പം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നത്. മുഖത്ത് ഒരു മൂടുപടമണിഞ്ഞ നായകനായിരുന്നു ഫസ്റ്റ് ലുക്കിൽ ഉണ്ടായിരുന്നത്. ചിത്രത്തിന്റെ രണ്ട് പോസ്റ്ററുകളും ആരാധകരിൽ ആകാംക്ഷ ഉണർത്തിയിരിക്കുകയാണ്.
ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കെട്ട്യോളാണ് എന്റെ മാലാഖ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നിസാം ബഷീർ ആണ്. മമ്മൂട്ടി കമ്പനി എന്ന ബാനറിൽ അദ്ദേഹം തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. സനിമയുടെ ചിത്രീകരണം പൂർത്തീകരിച്ചത് കൊച്ചിയിലും ദുബൈയിലുമായിട്ടാണ്.
ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലീസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സമീർ അബ്ദുൾ ആണ് . പ്രൊഡക്ഷൻ ഡിസൈനർ ബാദുഷ, എഡിറ്റിംഗ് കിരൺ ദാസ്, സംഗീതം മിഥുൻ മുകുന്ദൻ, കലാസംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, മേക്കപ്പ് റോണക്‌സ് സേവ്യർ, എസ് ജോർജ്, വസ്ത്രാലങ്കാരം സമീറ സനീഷ് എന്നിവരാണ് അണിയറ പ്രവർത്തകർ.
Comments