വരും തലമുറയ്ക്ക് വിദ്യ പകർന്നു നൽകാനുളള അധ്യാപകരുടെ വ്യഗ്രതയ്ക്ക് ഗവർണർ വിലങ്ങുതടിയാവരുതെന്ന് പറഞ്ഞു ഡോ. പ്രിയ വർഗീസിനെയും സിപിഎമ്മിനെയും ട്രോളി സിനിമ താരം ജോയ് മാത്യു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ കെ രഗേഷിന്റെ ഭാര്യ ഡോ. പ്രിയ വർഗീസിനെതിരെയും സിപിഎമ്മിനേയും പേരെടുത്ത് പറയാതെയാണ് താരം പരിഹസിച്ച് സംസാരിച്ചത്. പ്രിയ വർഗീസ് പഠിപ്പിച്ച വിദ്യാർത്ഥികളുടെ അവസ്ഥയോർത്ത് സഹതാപം തോന്നുന്നു എന്നർത്ഥം വരുന്ന രീതിയിലായിരുന്നു താരത്തിന്റെ ട്രോൾ. മുഖ്യമന്ത്രിക്കെതിരെയും സർക്കാരിനെതിരെയും മുൻപും ജോയ് മാത്യു ഇത്തരം ട്രോളുകൾ നടത്തിയിട്ടുണ്ട്. രണ്ടു വരിയിൽ തീരുന്ന താരത്തിന്റെ ഫേസ്ബുക് പോസ്റ്റ് ഇതിനോടകം വൈറലായി കഴിഞ്ഞു.
ഡോ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാല മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസറായി നിയമനം നൽകിയ ഉത്തരവ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചിരുന്നു. തുടർന്ന് ഗവർണ്ണർ നിയമന വിഷയത്തിൽ കണ്ണൂർ വി സിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാരും സർവ്വകലാശാലയും ഗവർണർക്കെതിരെ തിരിയുന്ന സാഹചര്യമാണ് നിലവിലുള്ളത്. നിയമന വിഷയത്തിൽ യാതൊരുവിധ വിട്ടുവീഴ്ചക്കും തയ്യാറല്ല എന്ന് ഗവർണ്ണർ പറഞ്ഞതിലൂടെ സർക്കാരും ഗവർണറും തമ്മിലുള്ള പോര് മാറ നീക്കി പുറത്ത് വരികയാണ്.
സമൂഹമാദ്ധ്യമങ്ങളിലൂടെ നിരവധി ട്രോളുകളാണ് ഇവർക്കെതിരെ പ്രചരിക്കുന്നത്. അതിന് തൊട്ടു പിന്നാലെയാണ് താരത്തിന്റെ പ്രതികരണവും. പോസ്റ്റിന് കീഴിൽ ഇടത് അനുകൂലികൾ ജോയ് മാത്യുവിനെതിരെ രംഗത്ത് വന്നെങ്കിലും വിമർശനം നടത്തുന്നവർക്ക് സംഗതി ഇതുവരെയായിട്ടും മനസ്സിലായിട്ടില്ല എന്നാണ് മറുഭാഗം ഇതിന് മറുപടി നൽകുന്നത്.
Comments