താലിബാൻ ഭരണമേറ്റെടുത്തത് മുതൽ പ്രവർത്തനം നിർത്തിവെച്ച അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം പുനരാരംഭിച്ചു. ഒരു വർഷമായി അഫ്‌ഗാനിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം ഇന്ത്യ നിർത്തിവെച്ചിരിക്കുകയായിരുന്നു. താലിബാൻ ഭരണത്തിന് കീഴിൽ എന്ത് സംഭവിക്കുമെന്നുള്ള ഭയം കാരണം ലോകത്തുള്ള ഒട്ടുമിക്ക രാജ്യങ്ങളും അഫ്ഗാനിസ്ഥാനിൽ നിന്നും എംബസികൾ അടച്ചു പൂട്ടി പോയിരുന്നു.
ഇന്ത്യ എംബസി തുറന്നു പ്രവർത്തിച്ച തീരുമാനത്തെ അഫ്ഗാനിസ്ഥാന്റെ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. ഇന്ത്യയുമായി മികച്ച ബന്ധം പുലർത്താൻ താൽപര്യപ്പെടുന്നു എന്നും വരും നാളുകൾ പ്രതീക്ഷയുള്ളതാണ്. കോൺസുലേറ്റിലെ പ്രവർത്തനം പുനരാരംഭിക്കാനായി ഓഗസ്റ്റ് 15ന് ഇന്ത്യൻ നയതന്ത്രജ്ഞർ കാബൂളിൽ എത്തിയിരുന്നു എന്ന് അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ദുൽ ഖാദർ ബൽഖി പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ വിദേശകാര്യ മന്ത്രാലയവുമായി ഇന്ത്യ നീണ്ട നാളത്തെ ചർച്ചക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനത്തിൽ എത്തിയിരിക്കുന്നത്. താലിബാന്റെ അനാവശ്യ ഇടപെടലുകൾ ഒരു കാരണവശാലും ഉണ്ടാകരുതെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അഫ്ഗാനിസ്ഥാനിലെ വാണിജ്യ വികസന രംഗത്ത് ഇന്ത്യ കൂടുതൽ സഹകരണം നടത്തുമെന്ന് കരുതുന്നതായി അദ്ദേഹം വ്യക്തമാക്കി.
Comments