ഹൈദരാബാദ്: തെലങ്കാനയിലെ മൂനുഗോഡു നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി എത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തെലുങ്ക് നിനിമാ താരം ജൂനിയർ എൻ ടി ആറുമായി കൂടിക്കാഴ്ച നടത്തും. ഉപതിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടെത്തുന്ന അമിത് ഷായുടെ വരവിൽ വൻ രാഷ്‌ട്രീയ കരുനീക്കങ്ങൾ സംഭവിക്കാൻ സാധ്യത ഉണ്ടെന്ന് പ്രമുഖ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂനുഗോഡു നിയമസഭാ മണ്ഡലത്തിലെ കൂറ്റൻ പൊതുറാലിയെ അമിത് ഷാ അഭിസംബോധന ചെയ്തു സംസാരിക്കും. സിറ്റിംഗ് എം എൽ എയായ കോമതി റെഡ്ഢി രാജ് ഗോപാൽ റെഡ്ഢി രാജി വെച്ച് ബിജെപി യിൽ ചേർന്നതിന് തൊട്ടുപിന്നാലെയാണ് സ്ഥലത്ത് ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. സംസ്ഥാനത്തെത്തുന്ന അമിത് ഷാ നിരവധി പ്രമുഖരെ നേരിൽ കാണുവാൻ തീരുമാനിച്ചിട്ടുണ്ടെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായ് എത്തുന്ന അമിത് ഷാ ബീഗംപേട്ട് വിമാനത്താവളത്തിൽ വിവിധ കർഷക സംഘടനകളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ പ്രശസ്ത ടോളിവുഡ് സിനിമ നിർമ്മാതാവ് റാമോജി റാവുവുമായി കൂടിക്കാഴ്ച നടത്തുവാൻ റാമോജി ഫിലിം സിറ്റിയിലേക്ക് അമിത് ഷാ ക്ഷണിച്ചിട്ടുണ്ട്. തുടർന്ന് തെലുങ്ക് സൂപ്പർ താരം ജൂനിയർ എൻ ടി ആറിനെ ഹൈദരാബായിലെ സ്വകാര്യ ഹോട്ടലിൽ വെച്ച് കൂടിക്കാഴ്ച നടത്തുമെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അമിത് ഷാ തെലങ്കാനയിൽ വന്നു പോകുന്നതോടു കൂടി വലിയ രാഷ്‌ട്രീയ കോളിളക്കം സംഭവിക്കുമെന്ന് ഉറപ്പാണെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമിത് ഷായുടെ തിരഞ്ഞെടുപ്പ് സന്ദർശനത്തെ സൂക്ഷ്മതയോടെ നോക്കിക്കാണണമെന്ന് ചന്ദ്രശേഖർ റാവു പാർട്ടി പ്രവർത്തകരോട് നിർദ്ദേശിച്ചു.
Comments