ദിസ്പൂർ: പരീക്ഷയിൽ കൃത്രിമം ഒഴിവാക്കുന്നതിനായി ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ച് പരീക്ഷ നടത്തി അസം സർക്കാർ. 35 ജില്ലകളിൽ 24 ജില്ലകളിലും 4 മണിക്കൂറോളമാണ് ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചത് സർക്കാർ തസ്തികകളിലെ റിക്രൂട്ട്മെന്റിനുള്ള എഴുത്തുപരീക്ഷകൾ നടത്തുമ്പോൾ ചോദ്യപേപ്പർ ചോർച്ച, കോപ്പിയടി തുടങ്ങിയവ തടയുന്നതിനാണ് ഇന്റർനെറ്റ് നിർത്തിവെച്ചത്.
ഓരോ പരീക്ഷാ കേന്ദ്രത്തിലും ഒരു സബ് ഇൻസ്പെക്ടർ തലത്തിലുള്ള പോലീസ് ഓഫീസറെ നിയമിച്ചു. അവർക്ക് മറ്റ് പോലീസുകാരുടെ സഹായവും ഉണ്ടായിരുന്നു. പരീക്ഷാകേന്ദ്രങ്ങളിൽ മൊബൈൽ ഫോണുകളോ മറ്റേതെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങളോ പ്രവേശിപ്പിക്കുന്നതിൽ നിന്ന് ഇൻവിജിലേറ്റർമാർക്കും ഉദ്യോഗാർത്ഥികളും വിലക്ക് ഏർപ്പെടുത്തിയിരുന്നു.
48 സർക്കാർ വകുപ്പുകളിലെ ഗ്രേഡ് 3 തസ്തികകളിലേക്കുള്ള എഴുത്തുപരീക്ഷയിൽ 500,000 ഉദ്യോഗാർത്ഥികളാണ് പങ്കെടുത്തത്. 1036 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. രണ്ട് ഘട്ടമായാണ് പരീക്ഷകൾ നടത്തിയത്. ഇതിനായി മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ രാവിലെ 10 മുതൽ ഉച്ചയ്‌ക്ക് 12 വരെയും ഉച്ചയ്‌ക്ക് 2 മുതൽ 4 വരെയും വിച്ഛേദിച്ചു. പരീക്ഷകൾ നടന്ന എല്ലാ ജില്ലകളിലും നിരോധനാജ്ഞയും ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്.ഗ്രേഡ് 4-ലുള്ള എഴുത്തുപരീക്ഷകൾ ഓഗസ്റ്റ് 28-ന് നടത്തും. സമാനമായ നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചാലും വയർഡ് ഇന്റർനെറ്റ് ലഭ്യമാകുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി. സുതാര്യമായ രീതിയിൽ നിയമനം നടത്തുന്നതിനാണ് ഇത്തരത്തിൽ ചെയ്യുന്നതെന്നും പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടായതിൽ ക്ഷമ ചോദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
















Comments