ന്യൂഡൽഹി: പോലീസ് സേനയിലെ സ്ത്രീ പങ്കാളിത്തം വർദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്രം. പോലീസിൽ സ്ത്രീകളുടെ എണ്ണം വർദ്ധിക്കുന്നതായും എല്ലാ മേഖലകളിലും മികച്ച പ്രകടനമാണ് കാഴ്ചവെയ്‌ക്കുന്നതെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് വ്യക്തമാക്കി. രാജ്ഭവനിൽ നടന്ന ദേശീയ വനിതാ പോലീസ് കോൺഫറൻസിന്റെ (എൻസിഡബ്ല്യുപി) ഉദ്ഘാടന സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
സ്ത്രീകളുമായി ബന്ധപ്പെട്ട വിവിധ ലിംഗപരമായ പ്രശ്നങ്ങൾ ചർച്ച ചെയ്യുക, സ്ത്രീകൾക്കിടയിൽ നേതൃത്വഗുണം കൂടുതൽ വികസിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് സമ്മേളനം നടന്നത്.പോലീസിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് മന്ത്രി പ്രത്യേകം പറഞ്ഞു. രാജ്യം സ്ത്രീശാക്തീകരണത്തിന്റെ പാതയിലാണ് എന്നതിന്റെ ഉദാഹരണമാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ദ്രൗപതി മുർമു എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
രാഷ്‌ട്രീയം, കായികം, സായുധ സേന തുടങ്ങിയ എല്ലാ മേഖലകളിലും സ്ത്രീകൾക്ക് പങ്കാളിത്തം ഉറപ്പാക്കുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ ദർശനമാണ് ഇതിന് പിറകിലെന്നും അദ്ദേഹം പറഞ്ഞു.പോലീസിലെ ലിംഗസൗഹൃദ ചിന്തകൾ, ജോലിസ്ഥലത്ത് സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള കമ്മിറ്റികൾ, പോലീസിനെ സൗഹൃദപരമാക്കുന്നതിനുള്ള വഴികൾ എന്നിവ ഉൾപ്പെടുന്ന വിവിധ വിഷയങ്ങൾ സംബന്ധിച്ച് സാങ്കേതിക സെഷനുകൾ സമ്മേളനത്തിന്റെ പ്രധാന ആകർഷണമായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സംഘങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
















Comments