ന്യൂഡൽഹി: ഡൽഹിയിൽ ക്ഷേത്രത്തിന് നേരെ ആക്രമണം. ഹനുമാൻ വിഗ്രഹം അടിച്ചു തകർത്തു. സംഭവത്തിൽ പ്രദേശവാസിയ്‌ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.
വടക്ക് കിഴക്കൻ ഡൽഹിയിലെ മഹേന്ദ്ര പാർക്കിലായിരുന്നു സംഭവം. രാത്രി ശബ്ദം കേട്ട് പ്രദേശവാസികൾ ക്ഷേത്രത്തിലെത്തിയപ്പോഴാണ് ഒരാൾ ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി വിഗ്രഹം അടിച്ചു തകർക്കുന്നത് കണ്ടത്. ഇയാളെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും കയ്യിലെ കമ്പിപ്പാര കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ പ്രദേശവാസികൾ വിവരം പോലീസിനെ അറിയിച്ചു.
പോലീസ് വരുന്നതിന് മുൻപേ പ്രതി ക്ഷേത്രത്തിൽ നിന്നും രക്ഷപ്പെട്ടിരുന്നു. തുടർന്ന് പ്രദേശവാസികളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കേസ് എടുക്കുകയായിരുന്നു. സംഭവ സമയത്ത് ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ചിലർ മൊബൈൽ ഫോണിൽ പകർത്തിയിട്ടുണ്ട്. ഇത് പോലീസ് ശേഖരിച്ചുവരികയാണ്. പ്രതിയ്‌ക്കായി ക്ഷേത്രത്തിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
















Comments