ബീജിംഗ്: ചൈനയിൽ അംബര ചുംബികളായ കെട്ടിടങ്ങൾ എന്നന്നേക്കുമായി വിട പറയുന്നു. റിയൽ എസ്റ്റേറ്റ് മേഖലയിൽ തകർന്ന് തരിപ്പണമാകുന്ന ചൈനീസ് കമ്പനികൾ ഉയരം കൂടിയ ബഹുനില കെട്ടിടങ്ങൾ പണിയാൻ മടിക്കുകയാണ്. ചൈനയിലെ അൻഹുയി പ്രവിശ്യയുടെ തലസ്ഥാനത്ത് പണികഴിക്കുന്ന അംബര ചുംബിയായ ഹെഫെയ് ടവറിന്റെ പണി നിർത്തി വെക്കുന്ന സാഹചര്യത്തിലേക്ക് ചൈനീസ് സമ്പദ്‌വ്യവസ്ഥ മാറി.
വൻകിട കെട്ടിടങ്ങൾ പണികഴിക്കുന്നതിന് പകരം ഉയരം കുറഞ്ഞ കെട്ടിടങ്ങളിലേക്ക് കുടിയേറ്റം ചെയ്യുന്ന ചൈനീസ് ജനത ഉയരം കൂടിയ കെട്ടിടങ്ങളോട് വിടപറയാൻ തുടങ്ങുകയാണ്. ഉയരം കുറഞ്ഞ കെട്ടിടങ്ങളെ കൂടുതലായും പ്രോത്സാഹിപ്പിക്കുകയും , ഉയരം കൂടിയവയെ കർശനമായി നിയന്ത്രിക്കുമെന്നും ചൈനയുടെ ചീഫ് ഇക്കണോമിസ് പ്ലാനിംഗ് ഏജൻസി വ്യക്തമാക്കി.
റിയൽ എസ്റ്റേറ്റ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധി മൂലം കരകയറാൻ കഴിയാതെ ചൈന അടിപതറുകയാണ്. ചീഫ് ഇക്കണോമിസ് പ്ലാനിംഗ് ഏജൻസിയുടെ നിയമം ശക്തമായാൽ ചൈനയിലെ 518 മീറ്റർ (1669 അടി ) ഉയരമുള്ള ഹേഫെയ് ടവർ ഒരിക്കലും ഉയരാൻ പോകുന്നില്ല എന്ന് റിപ്പോർട്ടുകൾ പറയുന്നു. എല്ലാക്കാലത്തും ഉയരമുള്ള കെട്ടിടങ്ങളെ ഇഷ്ടപ്പെട്ട ചൈനീസ് ജനത ചെറു കെട്ടിടങ്ങളെ ആശ്രയിക്കാൻ തുടങ്ങുകയാണ്. ചൈനയുടെ സാമ്പത്തിക പ്രതിസന്ധി മറച്ചു പിടിക്കാൻ ഇത്തരം നിയമങ്ങൾ ജനങ്ങളിൽ അടിച്ചേൽപ്പിക്കുകയാണെന്നും ആരോപണം ഉയരുന്നുണ്ട്.
ചൈനയിൽ നിരവധി അംബരചുംബികളായ കെട്ടിടങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കെട്ടിടമായ ഷങ്കായി ടവർ ഇന്ന് ചൈനക്ക് ബാധ്യതയാകുന്ന അവസ്ഥയിലേക്ക് മാറുകയാണ്. പെരുകി വരുന്ന ജനസംഖ്യയെ പിടിച്ചു നിർത്താൻ കഴിയാതെ വരുന്ന ചൈനീസ് ഭരണകൂടത്തിന് ജനങ്ങൾക്ക് വേണ്ടിയുള്ള പുനരധിവാസ സംവിധാനങ്ങൾക്കായി സ്ഥലം നൽകാൻ സാധിക്കാതെ വരുമെന്നാണ് പറയുന്നത്. ആവശ്യമില്ലാതെ കെട്ടിടങ്ങൾ പണിയുന്നതിന് സർക്കാർ അനുമതി നൽകിയേക്കില്ലന്നാണ് പുറത്ത് വരുന്ന വാർത്ത.
ആധുനിക ചൈനയുടെ വളർച്ചയെ സൂചിപ്പിക്കുന്ന ഷങ്കായി ടവർ ഇതിനോടകം നോക്കുകുത്തിയാകുന്ന അവസ്ഥയിലേക്ക് മാറിയെന്നാണ് സൂചന. ചൈനയിൽ 150 മീറ്റർ ഉയരമുള്ള 2928 കെട്ടിടങ്ങളും, 200 മീറ്റർ ഉയരമുള്ള 953 കെട്ടിടങ്ങളും 300 മീറ്റർ ഉയരമുള്ള 102 അംബരചുംബികളായ കെട്ടിടങ്ങളും ,20 നിലകളുള്ള എണ്ണമറ്റ റെസിഡൻഷ്യൽ സമുച്ചയങ്ങളുമുണ്ടെന്ന് ചൈനയുടെ ചീഫ് ഇക്കണോമിസ് പ്ലാനിംഗ് ഏജൻസിപറയുന്നു.
Comments