പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ ജാമ്യ വ്യവസ്ഥ ലംഘിച്ച് പ്രതികൾ സാക്ഷികളുമായി ബന്ധപ്പെട്ടത് 385 തവണ. നേരിട്ടും അല്ലാതെയും ഇടനിലക്കാർ മുഖേന ഇത്രയധികം തവണ ബന്ധപ്പെട്ടത്.
വിചാരണ തുടങ്ങുന്നതിന് തൊട്ടു മുമ്പ് വാങ്ങിയ പുതിയ മൊബൈൽ ഫോൺ ഉപയോഗിച്ചായിരുന്നു സാക്ഷികളുമായുള്ള കൂടുതൽ ആശയവിനിമയവും. ഇടനിലക്കാരനായ ആഞ്ചന്റെ അയൽവാസി ഇടക്കാലത്ത് ഉപയോഗിക്കാതെ വച്ച സിംകാർഡ് വാങ്ങിയും സാക്ഷികളെ ബന്ധപ്പെട്ടു.വിറ്റ്‌നസ് പ്രൊട്ടക്ഷൻ സ്‌കീമിന്റെ നിയമപരമായ പിൻബലത്തിൽ പോലീസ് നടത്തിയ അന്വേഷണമാണ് മധുകേസ് അട്ടിമറിക്കാനുള്ള നീക്കങ്ങൾക്ക് തടയിട്ടത്.
രണ്ടാംപ്രതി മരയ്‌ക്കാൻ 11 തവണ സ്വന്തം ഫോണിൽ നിന്ന് സാക്ഷികളെ വിളിച്ചു. 14,15,16,18, 19, 32 സാക്ഷികളെയാണ് ബന്ധപ്പെട്ടത്. ഇവരിൽ അഞ്ചുപേർ കൂറുമാറി. മൂന്നാംപ്രതി ശംസുദ്ദീൻ 63 തവണ പതിനാലാം സാക്ഷി ആനന്ദിനെ മാത്രം വിളിച്ചു. കൂറുമാറിയ സാക്ഷിയാണ് ആനന്ദൻ. ആറാം പ്രതി അബൂബക്കറും പന്ത്രണ്ടാം പ്രതി സജീവനും അമ്പതിലേറെ തവണ സാക്ഷികളുമായി ബന്ധപ്പെട്ടു.പതിനഞ്ചാം പ്രതി ബിജു മുപ്പത്തിരണ്ടാം സാക്ഷിയെ മാത്രം 49 തവണ ഫോണിൽ വിളിച്ചതിനും രേഖകളുണ്ട്. പതിനാറാം പ്രതി മൂനീർ ഒരു സാക്ഷിയെ മാത്രം വിളിച്ചത് 38 തവണയാണ്.
അതേസമയം കോടതി ജാമ്യം റദ്ദാക്കിയ ഒമ്പത് പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചു. കോടതി വിധിക്ക് പിന്നാലെ ഒളവിൽ പോയ പ്രതികൾക്കായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതികളുടെ ബന്ധുക്കളുടെ വീടുകളിൽ ഉൾപ്പെടെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.
കേസിലെ രണ്ടാം പ്രതി മരയ്‌ക്കാർ, മൂന്നാം പ്രതി പി സി ഷംസുദ്ദീൻ, അഞ്ചാം പ്രതി ടി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി എം വി ജൈജുമോൻ, പതിനൊന്നാം പ്രതി അബ്ദുൾ കരീം, പന്ത്രണ്ടാം പ്രതി പി പി സജീവ്, പതിനാറാം പ്രതി വി മുനീർ എന്നിവർക്ക് വേണ്ടിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
Comments