ന്യൂഡല്‍ഹി: തദ്ദേശീയമായ ആയുധങ്ങളും യുദ്ധസന്നാഹങ്ങളും വെടിമരുന്നുകളും അടിയന്തിരമായി സംഭരിക്കുന്നതിന് സായുധസേനയ്‌ക്ക് സാമ്പത്തിക അധികാരം നല്‍കാന്‍ തീരുമാനിച്ച് പ്രതിരോധമന്ത്രാലയം. കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായി അതിര്‍ത്തിയില്‍ സംഘര്‍ഷ സാദ്ധ്യതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നീക്കം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മൂന്ന് സേനാ വിഭാഗങ്ങളുടേയും തലവന്മാര്‍, പ്രതിരോധ സെക്രട്ടറി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
ആഭ്യന്തര ഉറവിടങ്ങളില്‍ നിന്ന് ഇതിനുള്ള മൂലധനം എത്രയും വേഗത്തില്‍ കണ്ടെത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായുള്ള നടപടികള്‍ ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. 300 കോടി രൂപയാണ് ഓരോ കരാറിനും ഉയര്‍ന്ന പരിധിയായി നിശ്ചയിച്ചിട്ടുള്ളത്. 2016 സെപ്തംബറില്‍ ഉണ്ടായ ഉറി ഭീകരാക്രമണത്തിന് ശേഷം സമാനമായ നീക്കം കേന്ദ്രസര്‍ക്കാര്‍ നടത്തിയിരുന്നു. അടിയന്തിരമായി ആയുധങ്ങളും വെടിക്കോപ്പുകളും നിര്‍മ്മിക്കുന്നതിനും സംഭരിക്കുന്നതിനും കര, നാവിക, വ്യോമ സേനകള്‍ക്ക് സാമ്പത്തിക അധികാരം നല്‍കുന്നതായിരുന്നു ഉത്തരവ്. പാകിസ്താനുമായുള്ള സംഘര്‍ഷം വര്‍ധിച്ചതിന് പിന്നാലെയായിരുന്നു താത്കാലികമായുള്ള ഈ അധികാര കൈമാറ്റം.
2020 മെയ് മാസത്തിന് ശേഷമാണ് കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യാ-ചൈന അതിര്‍ത്തി മേഖലകളില്‍ സംഘര്‍ഷ സാദ്ധ്യതകള്‍ കൂടിയത്. ഈ സാഹചര്യത്തില്‍ വിദേശരാജ്യങ്ങളില്‍ നിന്നും വലിയ തോതില്‍ അടിയന്തിരമായി ഇന്ത്യ ആയുധസംഭരണം നടത്തിയിരുന്നു. റഷ്യ, ഇസ്രായേല്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് പുറമെ ആഭ്യന്തരമായി നിര്‍മ്മിച്ച യുദ്ധോപകരണങ്ങളും ഉണ്ടായിരുന്നു. 20 മുതല്‍ 70 കിലോമീറ്റര്‍ പരിധിയിലുള്ള ബങ്കറുകള്‍, റഫേല്‍ യുദ്ധവിമാനങ്ങള്‍, ഇസ്രായേലി ഹെറോണ്‍ മാര്‍ക്ക്-2 തുടങ്ങിയവയെല്ലാം ഇതില്‍ പെടും.
















Comments