ശ്രീനഗർ: ജമ്മു കശ്മീരിൽ അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. രണ്ട് പേരെ വധിച്ചു. രജൗരിയിലെ യഥാർത്ഥ നിയന്ത്രണ രേഖയിലാണ് നുഴഞ്ഞു കയറ്റ ശ്രമം ഉണ്ടായത്.
ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. നൗഷേര സെക്ടറിലെ പുഖാർണി വഴിയായിരുന്നു ഇരുവരും അതിർത്തി കടക്കാൻ ശ്രമിച്ചത്. ഇത് പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സുരക്ഷാ സേനയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ഇവരെ പിടികൂടാനായി സുരക്ഷാ സേനാംഗങ്ങൾ അടുത്തേക്ക് വന്നു. ഇതോടെ കയ്യിൽ കരുതിയിരുന്ന തോക്കെടുത്ത് സുരക്ഷാ സേനയെ ആക്രമിക്കുകയായിരുന്നു. ഇതോടെ സുരക്ഷാ സേനയും തിരിച്ചടിച്ചു.
കൊല്ലപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിനായുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നുഴഞ്ഞു കയറ്റത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തി മേഖലകളിൽ കൂടുതൽ ജാഗ്രത പാലിക്കാൻ സുരക്ഷാ സേനയ്‌ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Comments