തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി പ്രമേയ അവതരണത്തിനിടെ നിയമസഭയിൽ കെ.ടി ജലീലിനെതിരെ കെ.കെ ശൈലജയുടെ ആത്മഗതം. ‘ ഇയാള് നമ്മളെ കൊയപ്പത്തിലാക്കും’ എന്നായിരുന്നു കെ.കെ ശൈലജ സഭയിൽ ആത്മഗതം പറഞ്ഞത്. ലോകായുക്ത ചർച്ചയിൽ കെ.കെ ശൈലജ മറുപടി പറഞ്ഞ് ഇരിക്കവെ അഭിപ്രായം പറയാനായി കെ.ടി ജലീൽ എഴുന്നേൽക്കവെ ആയിരുന്നു സംഭവം. കെ.ടി ജലീൽ എഴുന്നേൽക്കുന്നതിന് മുൻപായാണ് കെ.കെ ശൈലജ അടക്കം പറഞ്ഞത്. എന്നാൽ മൈക്ക് ഓഫാക്കാതിരുന്നതിനാൽ ശൈലജയുടെ പരാമർശം അല്പം ഉച്ചത്തിലാവുകയും മാദ്ധ്യമങ്ങൾ പുറത്തുവിടുകയും ചെയ്തു.
ഭരണമുന്നണിക്ക് കെ.ടി ജലീൽ ഉണ്ടാക്കുന്ന കുഴപ്പങ്ങൾ ചില്ലറയല്ല എന്ന് പൊതുസമൂഹത്തിൽ ചർച്ചയുണ്ട്. എങ്കിലും പാർട്ടിയോ , മുഖ്യമന്ത്രിയോ ജലീലിനെതിരെ ഒരു പരസ്യ പരാമർശവും നടത്തിയിട്ടില്ല എന്നതും ഏറെ ചർച്ചചെയ്യപ്പെടുന്ന വിഷയമാണ്. എന്നാൽ സിപിഎം നേതാക്കളുടെ മനസ്സിലുള്ള കാര്യമാണ് കെ.കെ ശൈലജയുടെ ആത്മഗതത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇയാൾ നമ്മളെ കുഴപ്പത്തിലാക്കും എന്ന ചിന്താഗതി ഇടതുമുന്നണി നേതാക്കളുടെ ഇടയിലും ഉണ്ട് എന്നതാണ് പൊതുവെ ചർച്ച.
എന്നാൽ സംഭവം വിവാദമായതോടെ വിശദീകരണവുമായി കെ.കെ ശൈലജ രംഗത്തെത്തി. ‘നിയമസഭയിൽ ചൊവ്വാഴ്ച ലോകായുക്ത (ഭേദഗതി) ബിൽ സബ്ജക്ട് കമ്മറ്റിക്ക് അയക്കാനുള്ള പ്രമേയം അവതരിപ്പിച്ചത് ഞാനാണ്. പ്രസംഗത്തിനിടെ ബഹു അംഗം കെ ടി ജലീൽ ഒരു ചോദ്യം ഉന്നയിച്ചു. അതിനു വഴങ്ങി സീറ്റിൽ ഇരിക്കുമ്പോൾ, പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോർത്ത് അടുത്തിരുന്ന സ. സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണ്. അത് ഡോ. ജലീലിനെതിരാണെന്ന ആക്ഷേപം കഴമ്പില്ലാത്തതും ദുരുപദിഷ്ടവുമാണ്’. ഇത്തരത്തിലാണ് ശൈലജ വിശദീകരണം നൽകിയത്.
ലോകായുക്തയ്‌ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ നിരന്തരം ആക്ഷേപം നടത്തുന്ന വ്യക്തിയാണ് കെ.ടി ജലീൽ .ബന്ധു നിയമന കേസിൽ ലോകയുക്തയുടെ നടപടിയുണ്ടായതിന് ശേഷമാണ് കെ.ടി ജലീൽ ലോകായുക്തയ്‌ക്കെതിരെ പ്രകോപന പരാമർശം നടത്തുന്നത്. 1975ൽ ഭരണഘടന തന്നെ ഭേദഗതി ചെയ്യാൻ ഇന്ദിരഗാന്ധി ശ്രമിച്ച ചരിത്രമുണ്ടെന്നും കെ.ടി ജലീൽ ഇന്ന് സഭയിൽ പരാമർശം നടത്തിയിട്ടുണ്ട്.
Comments