താൻ നിയമസഭയിൽ നടത്തിയ ആത്മഗതം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ഖേദകരമാണെന്ന് മുൻമന്ത്രി കെ കെ ശൈലജ. ഫെയ്‌സ്ബുക്കിലൂടെയാണ് ശൈലജ ഇക്കാര്യം വ്യക്തമാക്കിയത്.
നിയമസഭയിൽ ലോകായുക്ത(ഭേദഗതി) ബിൽ സബ്ജക്ട് കമ്മിറ്റിക്ക് അയക്കാനുളള പ്രമേയം അവതരിപ്പിച്ചത് താനാണ്. പ്രസംഗത്തിനിടെ കെ ടി ജലീൽ ഒരു ചോദ്യം ഉന്നയിച്ചു. അതിന് വഴങ്ങി സീറ്റിൽ ഇരിക്കുമ്പോൾ, പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോർത്ത് അടുത്തിരുന്ന സജി ചെറിയാനോട് പറഞ്ഞ വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു.
അത് ജലീലിനെതിരാണെന്ന ആക്ഷേപം കഴമ്പില്ലാത്തതും ദുരുപദിഷ്ടവുമാണെന്നുമാണ് കെ കെ ശൈലജയുടെ വിശദീകരണം. നിയമസഭയിൽ ലോകായുക്ത(ഭേദഗതി) ബിൽ ചർച്ച ചെയ്യുന്നതിനിടെയാണ് ശൈലജയുടെ ആത്മഗതമുണ്ടായത്. കെ ടി ജലീൽ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോഴാണ് ആത്മഗതം പോലെ ഇങ്ങനെ പറഞ്ഞത്.
‘ഇയാൾ നമ്മളെ കൊയപ്പത്തിലാക്കുമോ’ എന്നായിരുന്നു കെ കെ ശൈലജ പറഞ്ഞത്. ആ സമയം മൈക്ക് ഓണായിരുന്നു എന്ന കാര്യം ഓർക്കാതെയാണ് മുൻമന്ത്രി ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ കുറച്ച് കാലമായി കെ ടി ജലീൽ നിരന്തരം വിവാദങ്ങൾ സൃഷ്ടിക്കുകയാണ്. ആസാദ് കശ്മീർ എന്ന ജലീലിന്റെ പ്രയോഗം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. അതിന്റെ പേരിൽ ജലീലിനെതിരെ കേസ് എടുക്കാനും കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കെ കെ ശൈലജയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. കെ ടി ജലീലിനെതിരെ സിപിഎമ്മിനകത്ത് വലിയ പ്രതിഷേധമുണ്ടെന്ന സൂചനയാണ് മുൻമന്ത്രിയുടെ ആത്മഗതത്തിലൂടെ പുറത്ത് വന്നത്.
Comments