ഇടുക്കി : പോലീസ് സ്‌റ്റേഷനിൽ തർക്കത്തിനിടെ 500 രൂപ നോട്ടുകൾ കീറിയെറിഞ്ഞ യുവാവ് അറസ്റ്റിൽ . സ്റ്റേഷനിൽ പരാതി പറയാനെത്തിയ പാറത്തോട് സ്വദേശി പ്രകാശ് (27) ആണ് അറസ്റ്റിലായത്. നെടുങ്കണ്ടം സ്റ്റേഷനിലെ പബ്ലിക് റിലേഷൻസ് കൗണ്ടറിന് മുന്നിലാണ് ഇയാൾ 500 രൂപയുടെ 3 നോട്ടുകൾ കീറി എറിഞ്ഞത്. യുവാവിനെതിരെ പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് പോലീസ് കേസെടുത്തത്.
ഇന്ത്യൻ കറൻസി നശിപ്പിച്ചെന്നും പൊതുഖജനാവിന് 1500 രൂപയുടെ നഷ്ടം വരുത്തി എന്നും ഉൾപ്പെടുത്തിയാണ് ഇയാൾക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സുഹൃത്തായ ശരത് കുമാറിനൊപ്പം പ്രകാശ് സമീപകാലത്ത് ഒരു വാഹനം വാങ്ങി. എന്നാൽ ശരത് കുമാറും സഹായിയും ചേർന്ന് പ്രകാശിനെ അറിയിക്കാതെ വാഹനം കടത്തിക്കൊണ്ടുപോയി. സംഭവത്തിൽ ഇരുകൂട്ടരും തമ്മിലുള്ള തർക്കമാണ് പരാതി നൽകാൻ പ്രകാശിനെ പ്രേരിപ്പിച്ചത്.
സ്റ്റേഷനിൽ വച്ച് തർക്കം സംസാരിച്ച് തീർപ്പാക്കാൻ പോലീസ് ശ്രമം നടത്തിയിരുന്നു. ഇതിനിടെ വാഹനത്തിനുള്ളിലെ ടൂൾസ് കാണാതായെന്നു പ്രകാശ് പറയുകയും നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. ഇത് സ്‌റ്റേഷനിൽ വച്ച് പ്രകാശും ശരത് കുമാറും തമ്മിൽ വീണ്ടും തർക്കത്തിനിടയാക്കി. പിന്നാലെയാണ് മൂന്ന് 500 രൂപ നോട്ടുകൾ പോക്കറ്റിൽ നിന്നും എടുത്ത് പ്രകാശ് കീറി ശരത്കുമാറിനു നേർക്ക് എറിഞ്ഞത്.
തുർന്ന് പോലീസ് പ്രകാശിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Comments