പത്തനംതിട്ട : വിവാദ കശ്മീർ പരാമർശത്തിൽ മുൻ മന്ത്രി കെടി ജലീലിനെതിരെ കേസെടുത്ത് പോലീസ്. കീഴ്‌വായ്പൂർ പോലീസാണ് കേസെടുത്തത്. തിരുവല്ല കോടതിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി. കലാപം ഉണ്ടാക്കാൻ ഉള്ള ഉദ്ദേശത്തോടെ കെ ടി ജലീൽ ഭരണഘടന വിരുദ്ധ പരാമർശം നടത്തിയെന്നാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് കശ്മീർ പരാമർശത്തിൽ കെടി ജലീലിനെതിരെ കേസെടുക്കാൻ തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി കീഴ്വായ്പൂര് എസ്എച്ച്ഒയ്‌ക്ക് നിർദേശം നൽകിയത്.ജലീലിന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ആർഎസ്എസ് ജില്ലാ പ്രചാർ പ്രമുഖ് അരുൺ മോഹനാണ് കോടതിയെ സമീപിച്ചത്.
ഈ മാസം 12ന് കീഴ്വായ്പൂര് പോലീസിലും ജില്ലാ പോാലീസ് മേധാവിക്കും വിഷയത്തിൽ ജലീലിന് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അരുൺ പരാതി നൽകിയിരുന്നു. എന്നാൽ ഇതിൽ പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. തുടർന്നാണ് അരുൺ കോടതിയെ സമീപിച്ചത്. പിന്നാലെ കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് രേഷ്മ ശശിധരൻ ജലീലിനെതിരെ കേസെടുക്കാൻ ഉത്തരവിടുകയായിരുന്നു.
മതവികാരം വ്രണപ്പെടുത്തൽ, കലാപ ആഹ്വാനം, ദേശീയ ബഹുമതികളെ അവമതിക്കൽ തുടങ്ങിയവ പരാമർശത്തിൽ ഉണ്ടെന്ന് കാട്ടിയാണ് ഹർജി നൽകിയത്. അതേസമയം വാദിയുടെ മൊഴി എടുത്ത ശേഷമായിരിക്കും തുടർ നടപടികൾ എന്ന് പോലീസ് പറഞ്ഞു.
Comments