പാറ്റ്‌ന: ബീഹാറിൽ ഭരണകൂടവുമായി ബന്ധപ്പെട്ടവരുടെ അഴിമതി ഒന്നൊന്നായി പുറത്തു വരുന്നതിനിടെ സിബിഐ റെയ്ഡും തുടരുന്നു. ലാലു പ്രസാദ് യാദവിന്റെ ഉറ്റ അനുയായിയും ആർജെഡി നിയമസഭാംഗം സുനിൽ സിംഗിന്റെ വീട്ടിലും സ്ഥാപനങ്ങളിലുമാണ് സിബിഐ റെയ്ഡ് നടത്തുന്നത്. ഇന്ത്യൻ റെയിൽ വേയുമായി ബന്ധപ്പെട്ട് വൻതോതിൽ തൊഴിൽതട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ. ബീഹാറിലെ നിരവധി കേന്ദ്രങ്ങൾക്കൊപ്പം ജാർഖണ്ഡിലെ റാഞ്ചിയിലും ഒരേ സമയം റെയ്ഡ് തുടരുകയാണ്.
എംഎൽഎയെ മന:പൂർവ്വം കുടുക്കാൻ നോക്കുകയാണെന്നും വഴിവിട്ട് ഒന്നും ചെയ്തിട്ടില്ലെന്നും ആർജെഡി നേതാക്കൾ ആരോപിച്ചു. നിതീഷ് കുമാർ ബിജെപി സഖ്യം വിട്ടതിലുള്ള രാഷ്‌ട്രീയ പക തീർക്കലാണ് നടക്കുന്നതെന്നും കേന്ദ്ര ഏജൻസികളെ സംസ്ഥാനത്തെ ഭരണം അട്ടിമറിയ്‌ക്കാൻ ഉപയോഗിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു. ലാലു പ്രസാദ് യാദവിന്റെ നിതീഷുമായുള്ള കൂട്ടുകെട്ട് ഇല്ലാതാക്കാനും ശ്രമം നടക്കുന്നുവെന്നും ഭരണപക്ഷം ആരോപിച്ചു.
എന്നാൽ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജനപ്രതിനിധിയായ ഒരാളുടെ പേരിൽ അന്വേഷണവും റെയ്ഡും കേന്ദ്ര ഏജൻസികൾ നടത്തുകയെന്ന് മറക്കരുതെന്നും ബിജെപി ബീഹാർ ഘടകം തിരിച്ചടിച്ചു. ജൂലൈ 19ന് ജാർഖണ്ഡിലെ എംഎൽഎ പങ്കജ് മിശ്രയെ സിബിഐ അറസ്റ്റ് ചെയ്തതിലൂടെയാണ് നിരവധി പേരുടെ അഴിമതി രഹസ്യങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പല നേതാക്കളിൽ നിന്നായി 50 ബാങ്ക് അക്കൗണ്ടു കളിലായി സൂക്ഷിച്ചിരുന്ന 13.32 കോടി രൂപ സിബിഐ ഇതുവരെ കണ്ടെത്തിക്കഴിഞ്ഞു. ഇതിൽ 5.34 കോടി രൂപ കള്ളപ്പണമാണെന്നും സിബിഐ സ്ഥിരീകരിച്ചിട്ടുണ്ട്.
















Comments