ന്യൂഡൽഹി: വന്ദേ ഭാരത് എക്‌സ്പ്രസിന്റെ 18-ാമത് ട്രെയിൻ സർവ്വീസ് ഡൽഹി-പാട്‌ന റൂട്ടിൽ ആരംഭിക്കുമെന്നറിയിച്ച് ഇന്ത്യൻ റെയിൽവേ. ന്യൂഡൽഹി-വരാണാസി- പാട്‌ന ഉൾപ്പെടെ 17 ഇടങ്ങളിലൂടെയാകും വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ സഞ്ചരിക്കുക.
ഇന്ത്യൻ റെയിൽവേയുടെ ഭാവി നിശ്ചയിക്കുന്ന ട്രെയിനാകും ട്രെയിൻ 18 എന്ന് റെയിൽവേ പറഞ്ഞു. കിലോമീറ്ററിൽ 180 കിലോ മീറ്ററിലാകും ഇവ സഞ്ചരിക്കുക. കറങ്ങുന്ന തരത്തിലുള്ള സീറ്റുകളും എൽഇഡി ലൈറ്റ് സംവിധാനവും ട്രെയിനിലുണ്ടാകും. ബയോ-ടോയ്‌ലറ്റുകൾ, ഓട്ടോമാറ്റിക് വാതിലുകൾ തുടങ്ങിയവയും ട്രെയിൻ 18-ൽ ഉണ്ടാകും.
വാണിജ്യപരമായ ലാഭങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന പാതയാണ് ഡൽഹി – പാട്‌ന. ഇതു വഴിയുള്ള ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവ് അടുത്തിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ ഈ പാതയിലൂടെ രണ്ട് ട്രെയിൻ മാത്രമാണ് സർവ്വീസ് നടത്തുന്നത്. ആയതിനാൽ ഈ വഴി സെമി ഹൈ സ്പീഡ് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന് അനുമതി നൽകുന്നത് വരുമാനത്തിലും സമ്പദ് വ്യവസ്ഥയിലും പുരോഗതിയുണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഡൽഹി- പാട്‌ന ട്രെയിന്റെ ആദ്യ ഘട്ട ഓട്ടം വിജയകരമായി പൂർത്തികരിച്ചാൽ മുംബൈയിലേക്കും അഹമ്മദാബാദിലേക്കും സർവ്വീസുകൾ ഉണ്ടാകുമെന്നും റെയിൽവേ വ്യക്തമാക്കി.
വരുന്ന മൂന്ന് വർഷത്തിനുള്ളിൽ 400 വന്ദേ ഭാരത് ട്രെയിനുകൾ നിർമ്മിക്കുകയെന്ന ലക്ഷ്യത്തിലാണ് കേന്ദ്ര സർക്കാർ. ഈ പദ്ധതി പ്രകാരമാണ് പുതിയ ട്രെയിൻ സർവ്വീസ് ഡൽഹി-പാട്‌ന റൂട്ടിൽ ആരംഭിക്കുക. അടുത്ത വർഷം 75 ട്രെയിനുകൾ അവതരിപ്പിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ പറഞ്ഞിരുന്നു.
















Comments