വിവിധ രാജ്യങ്ങളെ കോളനികളാക്കുകയും ലോകമെമ്പാടും വർഷങ്ങളോളം അടക്കി ഭരിക്കുകയും ചെയ്ത ചരിത്രമാണ് ബ്രിട്ടീഷുകാർക്കുള്ളത്. ഇന്ത്യ, ആഫ്രിക്ക, ഓസ്‌ട്രേലിയ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ബ്രിട്ടീഷുകാരുടെ കോളനിയായിരുന്നു. വർഷങ്ങൾ നീണ്ട സമരത്തിലൂടെ ഈ രാജ്യങ്ങൾ സാതന്ത്ര്യം നേടിയെടുത്തു. എന്നാൽ ബ്രിട്ടീഷ് അധിനിവേശത്തിൽ നിന്ന് ഓസ്‌ട്രേലിയയ്‌ക്ക് ഇന്നും മോചനം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ.
1859 കാലത്ത് ഓസ്‌ട്രേലിയയിലേക്ക് എത്തിയ ക്രിസ്തുമസ് സമ്മാനമാണ് ഇതിനെല്ലാം കാരണം. 24 മുയലുകളെയാണ് അന്ന് കപ്പൽ മാർഗം രാജ്യത്തെത്തിച്ചത്. എന്നാൽ ഇന്നവ ഓസ്‌ട്രേലിയയെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വിനാശകരമായ അധിനിവേശമായാണ് ഇതിനെ കണക്കാക്കുന്നതെന്ന് പ്രൊസീഡിംഗ്‌സ് ഓഫ് ദി നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ പുതിയ പഠനം പറയുന്നു.
1859ൽ തോമസ് ഓസ്റ്റിൻ എന്ന കുടിയേറ്റക്കാരനാണ് ഈ ഇംഗ്ലീഷ് മുയലുകളെ ഇറക്കുമതി ചെയ്തത്. ഇംഗ്ലണ്ട് സ്വദേശിയായിരുന്നു ഓസ്റ്റിൻ. മെൽബണിലെ തന്റെ എസ്‌റ്റേറ്റിലാണ് ഓസ്റ്റിൻ 24 കാട്ട് മുയലുകളെ വളർത്തിയത്. എന്നാൽ മൂന്ന് വർഷം കൊണ്ട് ഇവ പെറ്റുപെരുകി ആയിരക്കണക്കിന് മുയലുകളായി. മുയലുകളുടെ അധിനിവേശം തന്നെയാണ് അന്ന് നടന്നത്.
ആ ഒരൊറ്റ സംഭവം ഓസ്ട്രേലിയയുടെ വലിയ ദുരന്തത്തിന് കാരണമായി. മുയലുകൾ പെട്ടെന്ന് പെരുകുകയും വിളകളും ഭൂമിയും നശിപ്പിക്കുകയും, ഇത് വൻതോതിലുള്ള മണ്ണൊലിപ്പിനും മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങൾക്കും കാരണമാകുകയും ചെയ്തു. പാരിസ്ഥിതികവും സാമ്പത്തികവുമായ തകർച്ചയുടെ പ്രധാന കാരണം ജൈവ ആക്രമണങ്ങളാണെന്ന് ഗവേഷകർ പറയുന്നു. അത്തരമൊരു ജൈവ ആക്രമണമാണ് അന്ന് ഓസ്‌ട്രേലിയയിലും നടന്നത്. അതിന്റെ പ്രത്യാഘാതം ഇന്നും അവിടുത്തെ ജനങ്ങൾ അനുഭവിക്കുന്നു. യൂറോപ്യൻ മുയലുകൾ ഓസ്‌ട്രേലിയയിൽ കോളനിവൽക്കരണം നടത്തിയ സംഭവമായും ഇത് മാറി.
എന്നാൽ ഓസ്ട്രേലിയയിൽ മുയലുകളെ ഇറക്കുമതി ചെയ്യുന്ന ആദ്യത്തെ വ്യക്തി ഓസ്റ്റിൻ അല്ല. 1788-ൽ സിഡ്നിയിൽ എത്തിയ ബ്രിട്ടീഷ് കപ്പലുകളിൽ ഇത്തരത്തിൽ അഞ്ച് ഇനത്തിൽപെട്ട മൃഗങ്ങൾ ഉണ്ടായിരുന്നു. അടുത്ത 70 വർഷത്തിനുള്ളിൽ കുറഞ്ഞത് 90 ഇറക്കുമതികളെങ്കിലും നടത്തിയിട്ടുണ്ടെന്ന് ചരിത്രം പറയുന്നു. കാട്ട് മുയലുകളെ കൂടാതെ ഓസ്‌ട്രേലിയയുടെ പരിസ്ഥിതിക്ക് ഭീഷണിയായി ഇവയുമുണ്ടാകുമെന്നാണ് ഇന്ന് പഠനങ്ങൾ തെളിയിക്കുന്നത്.
ഇന്ന് ഓസ്‌ട്രേലിയയിൽ ഏകദേശം 200 ദശലക്ഷത്തോളം കാട്ടുമുയലുകളുണ്ട്. ഇവയുടെ പൂർവ്വീകരെ തേടിപ്പോയാൽ നാം 1859 ൽ എത്തിനിൽക്കുമെന്ന് ഗവേഷകർ പറയുന്നു. ഓസ്‌ട്രേലിയയിലെ പാരിസ്ഥിതിക മാറ്റങ്ങളുടെ പ്രധാന കാരണം ഈ മുയലുകളാണ്. ഇവയുടെ ജനിതക ഘടനയാണ് ഏറ്റവും വലിയ ജൈവ അധിനിവേശത്തിന് തിരികൊളുത്തിയത് എന്നാണ് കണ്ടെത്തൽ.
ഓസ്ട്രേലിയയിലെ കഠിനമായ മരുഭൂമിയിൽ പോലും ഇവയ്‌ക്ക് അതിജീവിക്കാനും പെറ്റുപെരുകാനും എങ്ങനെ സാധിച്ചുവെന്നും ഗവേഷകർ കണ്ടെത്തി. ഓസ്‌ട്രേലിയൻ മുയലുകളിൽ നിന്നും വ്യത്യസ്തമായ വന്യമായ വംശപാരമ്പര്യമാണ് ഇവയിൽ കണ്ടെത്താനായത്. ഇത് എല്ലാ കാലാവസ്ഥകളെയും തരണം ചെയ്യാൻ അവയെ സഹായിച്ചുവെന്നാണ് കണ്ടെത്തൽ.
ഈ അധിനിവേശം ആഗോള ജൈവവൈവിധ്യത്തിന് വലിയ ഭീഷണിയാണെന്നും അവയെ മറികടക്കാൻ ഒന്നിച്ച് നിന്ന് പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നും പഠനങ്ങൾ പറയുന്നു.
Comments