ന്യൂഡൽഹി: വിമാനവാഹിനി കപ്പായ ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിക്കുന്നതോടെ മികച്ച ശേഷിയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടാനൊരുങ്ങി ഇന്ത്യ. 40,000 ടണ്ണിന് മുകളിലുള്ള വിമാനവാഹിനിക്കപ്പലുകൾ രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനും കഴിവുള്ള രാജ്യങ്ങളുടെ തിരഞ്ഞെടുത്ത ക്ലബ്ബിലാണ് ഇന്ത്യയും പങ്കാളിയാകുക. യുഎസ്, യുകെ, റഷ്യ, ചൈന.ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് ഇതിന് മുൻപ് പട്ടികയിൽ ഇടം നേടിയത്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ വിമാനവാഹിനി കപ്പലാണ് ഐഎൻഎസ് വിക്രാന്ത്.പ്രധാന മന്ത്രി നരേന്ദ്ര മോദിയാകും കപ്പൽ രാജ്യത്തിന് സമർപ്പിക്കുന്നത്. സെപ്റ്റംബർ രണ്ടിന് കൊച്ചിയിലാണ് വിമാനവാഹിനിക്കപ്പൽ വിക്രാന്ത് കമ്മീഷൻ ചെയ്യുകയെന്ന്് നേവി വൈസ് അഡ്മിറൽ എസ്എൻ ഘോർമാഡെ പറഞ്ഞു.1,700 ഓളം ആളുകൾക്ക് വേണ്ടി രൂപകൽപ്പന ചെയ്ത 2,200 കമ്പാർട്ടുമെന്റുകളാണ് ഐഎസി വിക്രാന്തിനുള്ളത്. വനിതാ ഓഫീസർമാരെയും വനിതാ അഗ്‌നിവീർ നാവികരെയും ഉൾക്കൊള്ളിക്കുന്നതിനായി പ്രത്യേക ക്യാബിനുകളും കപ്പലിൽ സജ്ജമാക്കിയിട്ടുണ്ടെന്ന് നാവിരകസേന വ്യക്തമാക്കി.
നാല് ഘട്ടങ്ങളിലായാണ് കപ്പലിന്റെ പരീക്ഷണ ഓട്ടം പൂർത്തികരിച്ചത്. തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ കപ്പൽശാലയായ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിൽ (സിഎസ്എൽ) നിന്ന് ജൂലൈ 28 ന് പരീക്ഷണയോട്ടത്തിന്റെ അവസാനത്തെ ഘട്ടം വിജയകരമായി പൂർത്തിയാക്കി. 2009-ലാണ് കപ്പലിന്റെ നിർമ്മാണം ആരംഭിച്ചത്.അംബാല, ദാമൻ, കൊൽക്കത്ത, ജലന്ധർ, കോട്ട, പൂനെ, ന്യൂഡൽഹി എന്നിവയുൾപ്പെടെ 18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വിക്രാന്തിനായി ഉപകരണങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്ന് നാവികസേനാ വൈസ് ചീഫ് പറഞ്ഞു.
262 മീറ്റർ നീളവും 62 മീറ്റർ വീതിയും 59 മീറ്റർ ഉയരവുമുള്ള കപ്പൽ ഏകദേശം 28 നോട്ട് വേഗതയിലും 18 നോട്ട് ക്രൂയിസിംഗ് വേഗതയിലും സഞ്ചരിക്കാനാകും. സമുദ്ര മേഖലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും നാവികസേനയുടെ വിവിധ അന്വേഷണങ്ങൾക്കും വിമാനവാഹിനിക്കപ്പൽ സഹായകമാകുമെന്നും നാവികസേന വ്യക്തമാക്കി.
Comments