ലോക ഒന്നാം നമ്പർ ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസണെ മുട്ടുകുത്തിച്ച ഗ്രാന്റ്മാസ്റ്റർ പ്രജ്ഞാനന്ദയെ അഭിനന്ദിച്ച് നടൻ ഗിന്നസ് പക്രു. തന്റെ സിനിമയുമായി ബന്ധപ്പെടുത്തിയാണ് നടൻ ആശംസ അറിയിച്ചത്. ‘ഇളയരാജ എന്ന എന്റെ ചിത്രം ഓർത്തു പോകുന്നു..ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ അട്ടിമറിച്ച ഭാരതത്തിന്റെ പുത്രന്റെ വലിയ വിജയം ആഘോഷിക്കപ്പെടാതെ പോകരുത്. പ്രജ്ഞാനന്ദയ്‌ക്ക് എന്റെയും ഇളയരാജാ ടീമിന്റെയും അഭിനന്ദനങ്ങൾ’ എന്നാണ് ഗിന്നസ് പക്രു ഫേയ്സ്ബുക്കിലൂടെ ആശംസ അറിയിച്ചിരിക്കുന്നത്.
മേൽവിലാസം, അപ്പോത്തിക്കിരി എന്നീ സിനിമകൾക്ക് ശേഷം മാധവ് രാംദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഇളയരാജ. ഉന്തുവണ്ടിയിൽ കപ്പലണ്ടി വിറ്റ് ഉപജീവനം നടത്തുന്ന ഗിന്നസ് പക്രു അവതരിപ്പിക്കുന്ന വനജൻ എന്ന മനുഷ്യന്റയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും കഥയാണ് ഇളയരാജ. കടവും, ദാരിദ്രവുമായി ജീവിതം മുന്നോട്ട് നീങ്ങുമ്പോൾ അവർക്കിടയിലേയ്‌ക്ക് മത്തായി എന്ന പലിശക്കാരൻ കടന്നു വരുന്നതോടെയാണ് കഥയ്‌ക്ക് ആകാംക്ഷ വർദ്ധിക്കുന്നത്.
ചെസ്സ് കളിയ്‌ക്കാൻ മിടുക്കനായ വനജന്റെ മകൻ സുബ്രുവിനെ പലിശക്കാരൻ കാണുന്നു. ഇതോടെ തന്റെ മകനുമായി കളിക്കാൻ സുബ്രുവിനെ ഇയാൾ വെല്ലുവിളിക്കുകയാണ്. ഇതോടെ ചെസ്സ് കളിയുടെ ഹരവും താഴേയ്‌ക്കിടയിൽ നിന്ന് ഒരു പ്രതിഭ ഉയർന്നു വരുന്ന മനോഹര കാഴ്ചയും പ്രേക്ഷകരുടെ ഹൃദയം നിറയ്‌ക്കുന്നു. ചെസ്സുകളിയെ ആസ്പദമാക്കിയുള്ള തന്റെ ഈ കൊച്ചു ചിത്രത്തെ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് പക്രുവിന്റെ ആശംസ. ഗ്രാന്റ്മാസ്റ്റർ പ്രജ്ഞാനന്ദയ്‌ക്ക് ആദരവുമായി നടൻ സുരേഷ് ഗോപിയും രംഗത്ത് വന്നിരുന്നു. ഇന്ത്യയുടെ ഭാവി മുകുളം എന്നാണ് പ്രജ്ഞാനന്ദയെ താരം വിശേഷിപ്പിച്ചത്.
















Comments