വഡോദര: റെയിൽവേയിൽ ജോലി നേടുന്നതിനായി സാഹസിക മാർഗം സ്വീകരിച്ച് ബീഹാർ സ്വദേശി. ചൂടുള്ള പാത്രം ഉപയോഗിച്ച് തള്ളവിരലിന്റെ തൊലി നീക്കം ചെയ്ത് സുഹൃത്തിന്റെ തള്ളവിരലിൽ ഒട്ടിച്ചാണ് മുൻഗർ സ്വദേശിയായ മനീഷ് പരീക്ഷയിൽ തന്റെ സുഹൃത്തായ രാജഗുരു ഗുപ്തയെ അയച്ചത്. വഡോദര സിറ്റിയിൽ നടന്ന റെയിൽവേ റിക്രൂട്ട്മെന്റ് ടെസ്റ്റിലാണ് ആൾമാറാട്ടം നടത്തിയത്.
എന്നാൽ ടെസ്റ്റിന് മുൻപായി ബയോമെട്രിക് വെരിഫിക്കേഷനിൽ പരീക്ഷാ സൂപ്പർവൈസർക്ക് സംശയം തോന്നിയതോടെ സാനിറ്റൈസർ സ്പ്രേ ചെയ്തു. ഇതോടെ ആൾമാറാട്ടം നടത്തി പരീക്ഷയ്ക്ക് എത്തിയ രണ്ടാമന്റെ കൈയിൽ ഒട്ടിച്ചിരുന്ന തള്ളവിരലിന്റെ തൊലി ശരീരത്തിൽ നിന്നും വേർപ്പെട്ടു. തുടർന്ന് പോലീസിൽ പരാതി നൽകി. വ്യാജരേഖ ചമച്ചതിനും ആൾമാറാട്ടം നടത്തിയതിനും വഡോദര പോലീസ് കേസെടുത്ത് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
റെയിൽവേയുടെ അംഗീകാരമുള്ള സ്വകാര്യ കമ്പനി സംഘടിപ്പിച്ച റിക്രൂട്ട്മെന്റ് ടെസ്റ്റിലാണ് പ്രതികൾ ആൾമാറാട്ടം നടത്തിയത്. ഏതെങ്കിലും തരത്തിലുള്ള പരീക്ഷ ക്രമക്കേട് തടയുന്നതിനാണ് ഉദ്യോഗാർത്ഥികളോട് തള്ളവിരലിന്റെ കൈയടയാളം ആവശ്യപ്പെടുന്നത്. പരീക്ഷയ്ക്ക് മുൻപ് ബയോമെട്രിക് ഉപകരണം വഴി അവരുടെ ആധാർ ഡാറ്റയുമായി ഒത്തുനോക്കി ഉറപ്പുവരുത്തുന്നു. ഗുപ്തയുടെ തള്ളവിരലിന്റെ മുദ്ര ഉപകരണത്തിന് രേഖപ്പെടുത്താൻ കഴിയാതെ വന്നതോടെയാണ് സംശയം തേന്നിയതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.തുടർന്ന് സാനിറ്റൈസർ തളിച്ചതോടെ കൈയിൽ ഒട്ടിച്ചിരുന്ന തൊലിയുടെ ഭാഗം പൊളിഞ്ഞു വീഴുകയായിരുന്നു.
Comments