ന്യൂഡൽഹി: 1971ലെ ഇന്ത്യാ-പാക് യുദ്ധത്തിൽ രാജ്യത്തിന് വേണ്ടി പോരാടിയ ധീര സൈനികരുടേയും സ്വാതന്ത്ര്യ സമര സേനാനികളുടേയും ത്യാഗങ്ങൾക്കുള്ള ആദരാഞ്ജലിയാണ് വിക്രാന്തിനെ പുനരുജ്ജീവിപ്പിക്കുകയും സേനയുടെ ഭാഗമാക്കുകയും ചെയ്യുന്നതെന്ന് നാവികസേന. കരുത്തുറ്റത് എന്നാണ് വിക്രാന്ത് എന്ന സംസ്‌കൃത പദത്തിന്റെ അർത്ഥം. രാജ്യത്തെ ആദ്യ തദ്ദേശീയ വിമാനവാഹിനക്കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. കൊച്ചി കപ്പൽശാലയിൽ നിർമ്മിച്ച വിക്രാന്ത് സെപ്തംബർ രണ്ടിന് കമ്മീഷൻ ചെയ്യും. ഈ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയാകും.
45,000 ടൺ ഭാരമുള്ള യുദ്ധക്കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. വിക്രാന്തിന്റെ പുനർജന്മം സേനയുടെ പ്രതിരോധ സംവിധാനത്തിന് കൂടുതൽ കരുത്ത് പകരുമെന്നും നാവികസേന വ്യക്തമാക്കി. ഇന്ത്യൻ നാവികസേനയുടെ ഇൻ-ഹൗസ് ഓർഗനൈസേഷനായ വാർഷിപ്പ് ഡിസൈൻ ബ്യൂറോയാണ് വിക്രാന്ത് രൂപകൽപന ചെയ്തത്. 262 മീറ്റർ നീളവും 62 മീറ്റർ വിസ്താരവും വിക്രാന്തിനുണ്ട്. രണ്ട് ഫുട്‌ബോൾ മൈതാനങ്ങളുടെ വലിപ്പമാണ് ഇതിനുള്ളത്. തദ്ദേശീയമായി നിർമ്മിച്ച അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ (എഎൽഎച്ച്), ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റുകൾ എന്നിവയ്‌ക്ക് പുറമെ മിഗ്-29കെ യുദ്ധവിമാനങ്ങൾ, കമോവ്-31, എംഎച്ച്-60ആർ മൾട്ടി റോൾ ഹെലികോപ്റ്ററുകൾ തുടങ്ങീ മുപ്പതോളം വിമാനങ്ങളെ വഹിക്കാനുള്ള ശേഷി ഇതിനുണ്ട്. വിമാനത്തിന്റെ സുരക്ഷ ഉൾപ്പെടെ കപ്പലിന്റെ പൂർണമായ നിയന്ത്രണം നാവികസേനയ്‌ക്കാണ്.
28 നോട്ടിക്കൽ മൈൽ വേഗതയിൽ സഞ്ചരിക്കാൻ വിക്രാന്തിനാകും. 2300ലധികം കംപാർട്‌മെന്റുകൾ ഉള്ള വിക്രാന്തിന് 1700ലധികം ആളുകളെ വഹിക്കാനാകും. വനിതാ ഉദ്യോഗസ്ഥർക്കായി പ്രത്യേക ക്യാബിനുകളും ഇതിലുണ്ട്. അത്യാധുനിക മെഡിക്കൽ സൗകര്യങ്ങളുള്ള മെഡിക്കൽ കോംപ്ലക്സാണ് കപ്പലിലുള്ളത്. ഐസൊലേഷൻ വാർഡും ടെലിമെഡിസിൻ സൗകര്യങ്ങളും ഇതിൽ ലഭ്യമാകും. മുങ്ങിക്കപ്പലുകളെ തിരിച്ചറിഞ്ഞ് അതിന് അനുസൃതമായി അതിവേഗം ഗതിമാറ്റാനും വിക്രാന്തിന് സാധിത്തും. കപ്പലിലെ സെൻസറുകൾ, റഡാറുകൾ, ദിശാ നിർണയ ഉപകരണങ്ങൾ എന്നിവയിലൊക്കെ അത്യാധുനിക സാങ്കേതിക വിദ്യകളാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
Comments