എറണാകുളം: ബിഗ് ബജറ്റ് ചിത്രം കോബ്രയുടെ പ്രമോഷനായി തമിഴ് സൂപ്പർ താരം ചിയാൻ വിക്രം കേരളത്തിൽ. ഉച്ചയോടെയായിരുന്നു അദ്ദേഹം കൊച്ചിയിൽ എത്തിയത്. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തിന് ഉജ്ജ്വല വരവേൽപ്പാണ് ആരാധകർ നൽകിയത്.
നാല് വർഷത്തിന് ശേഷമാണ് വിക്രം കേരളത്തിൽ എത്തുന്നത്. ജെയിൻ സെന്റർ ഫോർ ഗ്ലോബൽ സ്റ്റഡീസ് ഇൻഫോപാർക്ക് കൊച്ചി ക്യാംപസിൽ നടന്ന കോബ്ര പ്രമോഷൻ ഇവന്റിൽ താരം പങ്കെടുത്തു. ഓഗസ്റ്റ് 31 നാണ് സിനിമ റിലീസ് ചെയ്യുന്നത്.
വിക്രം വിവിധ വേഷങ്ങളിൽ എത്തുന്ന ആക്ഷൻ ത്രില്ലർ സിനിമയാണ് കോബ്ര. ശ്രീനിധി ഷെട്ടിയാണ് സിനിമയിൽ വിക്രമിന്റെ നായിക. പ്രശസ്ത സംവിധായകൻ ആർ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന സിനിമയുടെ സംഗീത സംവിധാനം എ.ആർ റഹ്മാനാണ്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകയും ചിത്രത്തിനുണ്ട്. മലയാളി താരനിരയാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. റോഷൻ മാത്യു, സർജാനോ ഖാലിദ്, മിയ, കനിഹ, മാമുക്കോയ, പദ്മപ്രിയ എന്നിവരാണ് ചിത്രത്തിൽ അണിനിരക്കുന്ന മലയാളി താരങ്ങൾ.
Comments