കൊച്ചി : സെൽഫിയെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ആരാധകനോട് സംസാരിക്കുകയും തുടർന്ന് യുവാവിനെ ചേർത്തുനിർത്തി ഫോട്ടോയെടുക്കുകയും ചെയ്യുന്ന തെന്നിന്ത്യൻ താരം ചിയാൻ വിക്രമിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. തന്റെ പുതിയ ചിത്രമായ കോബ്രയുടെ പ്രൊമോഷന് വേണ്ടി കൊച്ചിയിൽ എത്തിയതായിരുന്നു താരം. എന്നാൽ വിമാനത്താവളം മുതൽ തന്റെ പിന്നാലെ കൂടി ഫോട്ടോ എടുത്ത യുവാവിനെ താരം പ്രസ് മീറ്റിൽ വെച്ച് കണ്ടതോടെ കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു. വിമാനത്താവളത്തിൽ എത്തിയത് മുതൽ തന്നോടൊപ്പം നൂറ് കണക്കിന് ചിത്രങ്ങളാണ് യുവാവ് എടുത്തതെന്ന് വിക്രം പറഞ്ഞു.
വിമാനത്താവളത്തിൽ എത്തിയത് മുതൽ എത്ര ഫോട്ടോ എടുത്തുവെന്ന് വിക്രം ആരാധകനോട് ചോദിച്ചു. കുറച്ച് ഫോട്ടോസ് എടുത്തുവെന്ന് ആരാധകൻ പറഞ്ഞെങ്കിലും ഇയാളെ വെറുതെ വിടാൻ വിക്രം തയ്യാറായില്ല. പത്ത് ഫോട്ടോ എടുത്തെന്ന് പറഞ്ഞെങ്കിലും വിക്രം അത് തിരുത്തി നൂറ് ചിത്രങ്ങളെങ്കിലും എടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കി. തനിക്കത് ഇഷ്ടമായെന്നും താരം ആരാധകനോട് പറഞ്ഞു.
പലപല ആങ്കിളുകളിലാണ് ഇയാൾ ഫോട്ടോ എടുത്തത് എന്നും, ഫോൺ തന്റെ കൈയ്യിൽ തന്ന് സെൽഫി എടുത്തതായും താരം പറഞ്ഞു. തുടർന്ന് ആ ഫോട്ടോകളിൽ താൻ നന്നായിട്ടുണ്ടോ എന്ന് വിക്രം ചോദിച്ചു. സാറ് ഓക്കെയാണെന്ന് ആരാധകൻ പറഞ്ഞതോടെ വിക്രം ഒന്ന് ഞെട്ടി. ചിലത് നല്ലതായില്ലെന്നും കൈകൾ വിറയ്‌ക്കുകയായിരുന്നുവെന്നും ആരാധകൻ പറഞ്ഞതോടെ വിക്രം വീണ്ടും ഫോട്ടോയെടുക്കാൻ തയ്യാറാവുകയായിരുന്നു. ആരാധകനെ വേദിയിലേക്ക് ക്ഷണിച്ച് , ചേർത്തുനിർത്തിയാണ് വിക്രം സെൽഫിയെടുത്തത്. ആരാധകന്റെ ചോദ്യം ഇഷ്ടപ്പെട്ടുവെന്നും താരം പറഞ്ഞു.
Comments