ന്യൂഡൽഹി: രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് ഇതുവരെ കാണാത്ത വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് ഭാരതം. രാജ്യത്തിന്റെ ചരിത്രത്തിൽ ഇന്നു വരെ പൂർത്തിയായതിനെക്കാൾ കൂടുതൽ ദേശീയ പാതകളും റെയിൽ പാതകളും 2025 അവസാനത്തോടെ യാഥാർത്ഥ്യമാകുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതോടെ 2025 ആകുമ്പൊഴേക്കും രാജ്യത്തെ ദേശീയ പാതകളുടെ ആകെ നീളം 1.8 ലക്ഷം കിലോമീറ്ററും, റെയിൽവേ പാതകളുടെ നീളം 1.2 ലക്ഷം കിലോമീറ്ററും ആകുമെന്ന് ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ് ഇന്ത്യ വ്യക്തമാക്കി. അതിവേഗ ഗതാഗതം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നീക്കം. 1950നും 2015നും ഇടയിൽ നിർമ്മിച്ച ദേശീയപാതകളുടെയും റെയിൽപാതകളുടെയും എണ്ണത്തെ ബഹുദൂരം പിന്നിലാക്കുന്നതാണ് ഈ കണക്കുകൾ. 1950ന് മുൻപ് 73,000 കിലോമീറ്റർ ദേശീയപാതയാണ് രാജ്യത്ത് ഉണ്ടായിരുന്നത്.
1950നും 2015നും ഇടയിൽ 4000 കിലോമീറ്റർ ദേശീയപാത മാത്രമാണ് ഇതിന്റെ ഭാഗമായി കൂട്ടിച്ചേർത്തത്. 2015 ആയപ്പൊഴേക്കും 77,000 കിലോമീറ്റർ ദേശീയപാതയാണ് രാജ്യത്ത് ഉണ്ടായിരുന്നത്. 2025 ആകുമ്പൊഴേക്കും ഇത് 1.8 ലക്ഷം കിലോമീറ്ററായി ഉയർത്തും. 2024 ഓടെ ദേശീയപാതകളുടെ കാര്യത്തിൽ വലിയ മുന്നേറ്റമുണ്ടാകുമെന്ന് കേന്ദ്ര ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്ക്കരി കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു. സാധാരണക്കാർ ഇന്ന് ഏറ്റവും അധികം ആശ്രയിക്കുന്ന പൊതുഗതാഗത സംവിധാനമായ റെയിൽവേ പാതകളുടെ കാര്യത്തിലും സമാനമായ മാറ്റമാണ് കാത്തിരിക്കുന്നത്. 1950ൽ 10,000 കിലോമീറ്റർ റെയിൽവേ ലൈനുകളാണ് രാജ്യത്ത് ഉണ്ടായിരുന്നത്. 2015ൽ ഇത് 63,000 കിലോമീറ്റർ ആയി ഉയർന്നു. 2025 ആകുമ്പൊഴേക്കും 1.2 ലക്ഷം കിലോമീറ്റർ ആയി ഉയർത്തുമെന്നാണ് റിപ്പോർട്ട്.
രാജ്യത്തെ തുറമുഖങ്ങളിൽ ചരക്ക് നീക്കത്തിനുള്ള ശേഷി 1995ൽ 777 എംടിപിഎ ആയിരുന്നു. 2015 ആയപ്പൊഴേക്കും ഇത് 1911 എംടിപിഎ ആയി ഉയർന്നു. 2025ലേക്ക് ഇത് ഇരട്ടിയിലധികം ഉയർത്തി 3000 എംടിപിഎ ആക്കാനാണ് ലക്ഷ്യമിടുന്നത്. ജനങ്ങളുടെ ജീവിതസൗകര്യങ്ങളിലും സമാനമായ മാറ്റമാണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. ശൗചാലയങ്ങൾ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ 2015 ൽ ജനസംഖ്യയുടെ 43 ശതമാനമായിരുന്നു. 2021 ആയപ്പൊഴേക്കും ഇത് 89 ശതമാനത്തിലേക്കെത്തി. പാചക വാതകം ഉപയോഗിക്കുന്ന വീടുകളുടെ എണ്ണം 2021 ആയപ്പൊഴേക്കും 100 ശതമാനമായി. വൈദ്യുതി ലഭ്യതയുള്ള വീടുകൾ 2000ത്തിൽ 56 ശതമാനവും നിലവിൽ 96 ശതമാനവുമാണ്. 2015ൽ 13 ശതമാനം വീടുകളിലാണ് പൈപ്പുകളിലൂടെ ശുദ്ധജലം കിട്ടിയിരുന്നത്. നിലവിൽ ഇത് 52 ശതമാനമായി. 2024ഓടെ വെള്ളം ലഭ്യമാകുന്ന വീടുകളുടെ എണ്ണം 100 ശതമാനം ആക്കുകയാണ് ലക്ഷ്യം.
ഗ്രാമീണ മേഖലയിലെ വീടുകളുടെ എണ്ണം ഒരു ദശലക്ഷത്തിൽ നിന്ന് 25 ദശലക്ഷമായി ഉയർന്നു. കാർബൺ ബഹിർഗമനം കുറയ്‌ക്കുന്നതിനും രാജ്യം വലിയ പദ്ധതികളാണ് തയ്യാറാക്കുന്നത്. 2015-30 വർഷത്തിൽ 385 ബില്ല്യൺ ഡോളറോളം ഇതിനായി ചെലവഴിക്കും. 2070ലേക്ക് കാർബൺ ബഹിർഗമനത്തിൽ നെറ്റ്-സീറോ എന്നതാണ് ലക്ഷ്യം. 2015ലെ പാരീസ് ഉടമ്പടിയുടെ ഭാഗമായാണ് പദ്ധതികൾ തയ്യാറാക്കുന്നത്. ഡീസൽ ഉപഭോഗം കുറച്ചു കൊണ്ടുവരുന്നതെല്ലാം ഇതിന്റെ ഭാഗമായിട്ടാണ്. എഥനോൾ കലർത്തിയ പെട്രോളിന്റെ ഉപയോഗവും കൂട്ടും. നിലവിലിത് 5 ശതമാനമാണ്. 2030ഓടെ 20 ശതമാനമായി ഉയർത്തും. പുനർ നിർമ്മിക്കാവുന്ന ഊർജ്ജത്തിന്റെ ശേഷി 2021ൽ 101 ജിഗാവാട്ട് ആയിരുന്നു. 2030ഓടെ ഇത് ഇത് 450 ജിഗാവാട്ടായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ചുരുക്കത്തിൽ നരേന്ദ്രമോദി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാരിന് കീഴിൽ അടിസ്ഥാന സൗകര്യ വികസനത്തിലും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിലും വികസിത രാജ്യങ്ങൾക്കൊപ്പമുളള കുതിപ്പാണ് രാജ്യം നടത്തിക്കൊണ്ടിരിക്കുന്നത്. കൊറോണക്കാലത്തെ മാന്ദ്യം വിട്ട് സമ്പദ് വ്യവസ്ഥയും ഉണർവ്വിലായതോടെ ഈ പ്രവർത്തനങ്ങൾക്ക് ഇരട്ടിവേഗം വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
















Comments