ന്യൂഡൽഹി: ഐപിഎല്ലിന് പിന്നാലെ ഐസിസി ടൂർണമെന്റുകളുടെയും സംപ്രേക്ഷണാവകാശം സ്വന്തമാക്കി സ്റ്റാർ സ്‌പോർട്‌സ്. 2027 വരെ ടിവി, ഡിജിറ്റൽ സംപ്രേക്ഷണാനുമതിയാണ് സ്റ്റാർ ഇന്ത്യ സ്വന്തമാക്കിയത്. സ്റ്റാറിന്റെ കീഴിലുള്ള ഹോട്ട്‌സ്റ്റാറിലും സംപ്രേക്ഷണമുണ്ടാകും.
2023 മുതൽ 2027 വരെയുള്ള പുരുഷ-വനിത ഏകദിന ലോകകപ്പ് മത്സരങ്ങൾ, ടി20 ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റുകൾ എന്നിവ സ്റ്റാർ സ്‌പോർട്‌സിലൂടെ തുടർന്നും കാണാൻ കഴിയും. 2024 സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലായി നടക്കുന്ന വനിത ടി20 ലോകകപ്പിലെ 23 മത്സരങ്ങൾ, 2025 -ലെ ഇന്ത്യയിൽ നടക്കുന്ന വനിത ടി20 ലോകകപ്പ് മത്സരങ്ങൾ,2027-ൽ ശ്രീലങ്കയിൽ നടക്കുന്ന വനിത ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ, 2024-ൽ അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന പുരുഷ ടി20 ലോകകപ്പ്, 2025-ൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി, 2026-ൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പ് മത്സരങ്ങൾ, 2027-ൽ ദക്ഷിണാഫ്രിക്ക-സിംബാവേ-നമീബിയ എന്നിവിടങ്ങളിൽ നടക്കുന്ന ഏകദിന ലോകകപ്പ് എന്നിവയുടെ സംപ്രേക്ഷണമാണ് സ്റ്റാർ സ്‌പോർട്‌സ് സ്വന്തമാക്കിയത്.
ഐസിസി ക്രിക്കറ്റിന്റെ ഹോം എന്ന നിലയിൽ ഡിസ്‌നി സ്റ്റാറുമായി പങ്കാളിത്തം തുടരുന്നതിൽ സന്തോഷമുണ്ടെന്നും അംഗങ്ങൾക്ക് മികച്ച ഫലം നൽകുകയും വളർച്ചാ പദ്ധതികളെ പിന്തുണയ്‌ക്കുകയും ചെയ്യുമെന്ന് ഐസിസി ചെയർമാൻ ഗ്രെഗ് ബാർക്ലേ അഭിപ്രായപ്പെട്ടു.വനിതാ ക്രിക്കറ്റ് പ്രേത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തിൽ ഡിസ്‌നി സ്റ്റാർ ശ്രദ്ധേയമായ പദ്ധതികൾ അവതരിപ്പിച്ചതായും ഇനിയും അത്തരത്തിൽ ആകർഷകമായ പദ്ധതികൾ ആവിഷ്‌കരിക്കുമെന്നതിൽ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എത്ര രൂപ മുടക്കിയാണ് സംപ്രേക്ഷണാവകാശം സ്വന്തമാക്കിയതെന്നുള്ള വിവരം പുറത്തുവിട്ടിട്ടില്ല. വയാകോം 18,സി ടിവി, സോണി എന്നിവരെ മറികടന്നാണ് നിലവിലുള്ള സംപ്രേക്ഷണാവകാശം വീണ്ടും സ്വന്തമാക്കിയത്. അടുത്ത അഞ്ച് വർഷത്തേയ്‌ക്കുള്ള ഐപിഎൽ സംപ്രേക്ഷണാവകാശവും സ്റ്റാർ സ്‌പോർട്‌സിന് തന്നെയാണ്. ലേലത്തിൽ 23,575 കോടി രൂപ മുടക്കിയാണ് ജൂണിൽ അവകാശം സ്വന്തമാക്കിയത്.
Comments