ടോക്കിയോ ഒളിമ്പിക്‌സിൽ സ്വർണം നേടിത്തന്ന ജാവലിൻ മ്യൂസിയത്തിന് സമ്മാനിച്ച് ഒളിമ്പ്യൻ നീരജ് ചോപ്ര. സ്വിറ്റ്‌സർലാന്റിലെ ലൂസെയ്‌നിലുള്ള മ്യൂസിയത്തിനാണ് നീരജ് ചോപ്ര തന്റെ ഏറ്റവും പ്രിയപ്പെട്ട ജാവലിൻ സമ്മാനിച്ചത്. 87.58 മീറ്റർ ദൂരമെറിഞ്ഞ റെക്കോർഡുമായി ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം നേടിത്തന്ന ജാവലിനാണത്.
ഒളിമ്പിക്‌സ് പൈതൃകം സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ഹെറിറ്റേജ് ടീമാണ് ഈ മ്യൂസിയം നിയന്ത്രിക്കുന്നത്. 2008 ലെ ബെയ്ജിംഗിൽ നടന്ന ഒളിമ്പിക്‌സിൽ വ്യക്തിഗത വിഭാഗത്തിൽ രാജ്യത്തിന് സ്വർണം നേടിത്തന്ന ആദ്യ ഇന്ത്യക്കാരനായ അഭിനവ് ബിന്ദ്രയുടെ റൈഫിൾ ഉൾപ്പെടെ 120 വർഷത്തെ സൂക്ഷിപ്പുകളുടെ ശേഖരം ഈ മ്യൂസിയത്തിലുണ്ട്.
അഭിനവ് ബിന്ദ്രയുടെ റൈഫിൾ മ്യൂസിയത്തിൽ തനിക്ക് കാണാൻ കഴിയുന്നുണ്ടെന്നും, അത് വലിയ പ്രചോദനം നൽകുന്നുണ്ടെന്നും നീരജ് ചോപ്ര പറഞ്ഞു.. ഭാവി അത്ലറ്റുകൾക്ക്, പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നുള്ളവർക്ക്, തന്റെ ജാവലിൻ കാണുമ്പോഴും അതേ പ്രചോദനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഏത് കായിക താരത്തിനും, മറ്റുള്ളവരെ പ്രചോദിപ്പിക്കാൻ കഴിയുന്നത് വലിയ അംഗീകാരമാണെന്നും ചോപ്ര കൂട്ടിച്ചേർത്തു. ഐഒസി അത്ലറ്റ്സ് കമ്മീഷൻ അംഗം കൂടിയായ ബിന്ദ്രയും ചടങ്ങിൽ പങ്കെടുത്തു.
ഏറെ കാലമായി ഒളിമ്പിക്‌സ് മ്യൂസിയത്തിൽ ഒറ്റയ്‌ക്കിരുന്ന തന്റെ റൈഫിളിനൊപ്പം രാജ്യത്ത് നിന്ന് മറ്റൊരു സമ്മാനവും വന്നുചേർന്നിരിക്കുകയാണ്. ഇതിൽ താൻ വളരെ സന്തുഷ്ടനാണെന്ന് ബിന്ദ്ര പറഞ്ഞു. 90,000-ലധികം വസ്തുക്കൾ, 650,000 ഫോട്ടോഗ്രാഫുകൾ, 45,000 മണിക്കൂർ വീഡിയോകൾ, ചരിത്രരേഖകൾ എന്നിവയാണ് ഒളിമ്പിക് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നത്.
Comments