മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 25 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലായിട്ടുണ്ട്.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മലപ്പുറം സ്വദേശി അബൂബക്കറാണ് സ്വർണം കടത്താൻ ശ്രമിച്ചത്. സ്വർണം സ്റ്റീമറിനുള്ളിൽ ഒളിപ്പിച്ചായിരുന്നു വിമാനത്താവളത്തിൽ രഹസ്യമായി എത്തിച്ചത്. എന്നാൽ സുരക്ഷാ പരിശോധനയ്‌ക്കിടെ ഇത് പിടികൂടുകയായിരുന്നു.
497 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ഇതിന് വിപണിയിൽ 25,81,915 രൂപ വിലവരുമെന്ന് കസ്റ്റംസ് വ്യക്തമാക്കി. ജിദ്ദയിൽ നിന്നുമാണ് ഇയാൾ സ്വർണവുമായി വിമാനത്താവളത്തിൽ എത്തിയത്. സംഭവത്തിൽ അബൂബക്കറിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
അതേസമയം സ്വർണം പിടികൂടുന്ന സംഭവങ്ങൾ പതിവായതോടെ കരിപ്പൂരിൽ നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി വിമാനത്താവളത്തിൽ അത്യാധുനിക നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
Comments