അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനത്തിന്റെ രചനയ്‌ക്ക് നൂറ് വയസ്. ഹരിവരാസനം വിശ്വമോഹനം ഹരിദധീശ്വരം ആരാധ്യപാദുകം എന്ന കീർത്തനമാണ് രചിച്ചിട്ട് നൂറ് വർഷം തികഞ്ഞിരിക്കുന്നത്. 1923 ലാണ് ഈ കീർത്തനം രചിച്ചത്. എന്നാൽ 1975 ൽ പുറത്ത് ഇറങ്ങിയ സ്വാമി അയ്യപ്പൻ എന്ന സിനിമയിലൂടെയാണ് ഗാനം പുറത്തിറങ്ങിയത്.
ദേവരാജൻ മാസ്റ്ററാണ് സിനിമയിൽ ഗാനത്തിന് സംഗീതം നൽകിയത്. മധ്യമാവതി രാഗത്തിൽ സംഗീതം നൽകിയ കീർത്തനം പുറത്ത് വന്നതോടെ അയ്യപ്പ ഭക്തർ ഹൃദയത്തിൽ ചേർക്കുകയായിരുന്നു. ഗായകൻ യേശുദാസിന്റെ മധുരമാർന്ന ശബ്ദത്തിലാണ് പാട്ട് എന്നതും ഭക്തർക്ക് കൂടുതൽ ഇമ്പമേകി.
അത്താഴ പൂജക്ക് ശേഷം ശബരിമല ക്ഷേത്രനട അടയ്‌ക്കുന്നതിന് മുമ്പാണ് പതിവായി സന്നിധാനത്ത്് ഈ കീർത്തനം കേൾപ്പിക്കാറുണ്ട്.ഇത് ശബരിമലയെയും സമീപ പ്രദേശങ്ങളെയും ഭക്തിസാന്ദ്രമാക്കുന്നു.ഈ ഗാനം സന്നിധാനത്ത് പതിവായി ആലപിക്കാൻ തുടങ്ങിയ തീയതിയെക്കുറിച്ച് വ്യക്തമോ ആധികാരികമോ ആയ രേഖകൾ ഒന്നുമില്ല.സംസ്‌കൃതത്തിൽ ഓരോ വരിയിലും 11 അക്ഷരങ്ങൾ വീതം 32 വരികൾ സമ്മത എന്ന വൃത്തത്തിൽ ആണ് രചിച്ചിരിക്കുന്നത്.
പഴയ ഗുരുസ്വാമിമാരിൽ ചിലരുടെ അഭിപ്രായത്തിൽ 1952 മുതൽ ഏകദേശം 70 വർഷമായി സന്നിധാനത്ത് ഈ കീർത്തനം പതിവായി പാടുന്നതായി രേഖപ്പെടുത്തുന്നു. ഹരിവരാസനം എന്ന വിഷയത്തിൽ മറ്റു ചില ശ്ലോകങ്ങൾ അടങ്ങിയ ഒരു ചെറിയ പുസ്തകം ശ്രീ ധർമ്മശാസ്ത സ്തുതി കദംബം എന്ന പേരിൽ പുറത്ത് ഇറങ്ങിയിട്ടുണ്ട്.
അതേസമയം ഹരിവരാസന ശതാബ്ദി ആഘോഷിക്കാൻ വിവിധ പരിപാടികൾ ഒരുക്കുകയാണ് ഭക്തർ.ശബരിമല അയ്യപ്പ സേവാ സമാജത്തോടൊപ്പം ആചാര്യവൃന്ദവും ആധ്യാത്മിക പ്രസ്ഥാനങ്ങളും ഹൈന്ദവ സംഘടനകളും വിവിധ അയ്യപ്പഭക്ത സമിതികളും ചേർന്നാണ് അടുത്ത 18 മാസത്തോളം നീണ്ടു നിൽക്കുന്ന പരിപാടികൾ ഒരുക്കന്നത്.അയ്യപ്പധർമ്മത്തിന്റെ മഹത്വം ലോകമെമ്പാടും അവതരിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് ശബരിമല അയ്യപ്പ സേവാസമാജം 2024 ജനുവരി വരെ നിരവധി പരിപാടികളോടെ ഹരിവരാസനം ശതാബ്ദി പരിപാടികൾ രാജ്യമെമ്പാടും നടത്തുന്നത്.അയ്യപ്പന്റെ ജന്മസ്ഥലമായ പന്തളത്ത് നിന്നാണ് ഇതിന് തുടക്കം കുറിക്കുന്നത്.ആഘോഷങ്ങളുടെ തത്സമയ സംപ്രേഷണം ജനം ടിവി പ്രേഷകരിലേക്ക് എത്തിക്കുന്നുണ്ട്. ജനം ടിവിയുടെ സാമൂഹ്യ മാദ്ധ്യമ അക്കൗണ്ടുകളിലും പരിപാടി ലൈവായി കാണാൻ കഴിയും
Comments