ഗാന്ധിനഗർ: സുസുക്കി കമ്പനിയുടെ ഇന്ത്യയിലെ നാൽപ്പതാം വാർഷികാഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാനയിലെ മാരുതി സുസുക്കി വാഹന നിർമ്മാണ യൂണിറ്റിനും ഗുജറാത്തിലെ സുസുക്കി ഇലക്ട്രോണിക് വാഹന ബാറ്ററി പ്ലാൻ്റിനും പ്രധാനമന്ത്രി തറക്കല്ലിട്ടു.
ഇന്ത്യ- ജപ്പാൻ സഹകരണത്തിന്റെ ശക്തമായ പ്രതീകമാണ് മാരുതി- സുസുക്കിയുടെ വിജയമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുമായുള്ള സൗഹൃദവും പ്രധാനമന്ത്രി അനുസ്മരിച്ചു.
കഴിഞ്ഞ എട്ട് വർഷത്തിനിടെ ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലെത്തി. നോൺ ഫോസിൽ ഉറവിടങ്ങൾ പ്രയോജനപ്പെടുത്തി വൈദ്യുതീകൃത വാഹനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുമെന്ന് കോപ്പൻഹേഗൻ ഉച്ചകോടിയിൽ ഇന്ത്യ പ്രഖ്യാപിച്ച വിവരം ചടങ്ങിൽ പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
വൈദ്യുത വാഹനങ്ങളുടെ ഉപയോഗവും വിതരണവും വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ ഇന്ത്യ ശക്തിപ്പെടുത്തുകയാണ്. നികുതി ഇളവുകൾ നൽകിയും വായ്പ സൗകര്യങ്ങൾ ഉദാരമാക്കിയും രാജ്യത്ത് ഇലക്ട്രോണിക് വാഹന വിപ്ലവത്തിന് കളമൊരുങ്ങുന്ന അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഹരിയാനയിലെ മാരുതി സുസുക്കി വാഹന നിർമ്മാണ യൂണിറ്റിലൂടെ 11,000 കോടി രൂപയുടെയും ഗുജറാത്തിലെ സുസുക്കി ഇലക്ട്രോണിക് വാഹന ബാറ്ററി പ്ലാൻ്റിലൂടെ 7,300 കോടി രൂപയുടെയും നിക്ഷേപമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Comments